Football

ഐഎസ്എല്‍; മുംബൈ സിറ്റിയെ ചാമ്പലാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍; മുംബൈ സിറ്റിയെ ചാമ്പലാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്
X

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തകര്‍ത്തെറിഞ്ഞു.പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള കരുത്തന്‍മാരായ മുംബൈയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമഗ്ര ആധിപത്യമായിരുന്നു.


കേരളത്തിന്റെ ആക്രമണ ഫുട്‌ബോളിന് മുംബൈക്ക് മറുപടി ഉണ്ടായില്ല. 27ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. ജോര്‍ജ്ജ് ഡയസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.മികച്ച വോളിയിലൂടെയാണ് താരം ഈ പന്ത് വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ 47ാം മിനിറ്റിലാണ് വീണത്. ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ഗോളാവാന്‍ സാധ്യതയുള്ള ഈ ഗോള്‍ നേടിയത് അല്‍വാരോ വാസ്‌ക്വസ് ആണ്.ജിക്‌സണ്‍ നല്‍കിയ പാസ് വാസ്‌ക്വസ് മികച്ച വോളിയിലൂടെ ഗോളാക്കുകയായിരുന്നു.


ഇതിനിടെ 50ാം മിനിറ്റില്‍ മുംബൈയുടെ മുര്‍ത്താത്ത ഫാളിന് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് താരം പുറത്തായതോടെ അവര്‍ 10 പേരുമായാണ് കളിച്ചത്.ബ്ലാസ്റ്റേഴ്‌സിന്റെ ജോര്‍ജ്ജ് ഡയസിനെ വീഴ്ത്തിയതിനാണ് താരത്തിന് വീണ്ടും മഞ്ഞകാര്‍ഡ് ലഭിച്ചത്. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഡയസ് ഗോളാക്കി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 10 പേരായി കളിച്ച മുംബൈക്കെതിരേ പിന്നീട് സ്‌കോര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. ഏറെ കാലത്തിന് ശേഷമാണ് മഞ്ഞപ്പടയുടെ തകര്‍പ്പന്‍ ഫോം ആരാധകര്‍ കണ്ടത്. ടൂര്‍ണ്ണമെന്റില്‍ മിന്നും ഫോമിലുള്ള മുംബൈയെ തകര്‍ന്ന് തരിപ്പണമാക്കിയ ബ്ലാസ്റ്റേഴ്‌സ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.


Next Story

RELATED STORIES

Share it