Football

ഐഎസ്എല്‍: എടികെയ്ക്ക് മുന്നില്‍ മുട്ടുകുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്‍: എടികെയ്ക്ക് മുന്നില്‍ മുട്ടുകുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്
X

ഫറ്റോര്‍ഡ (ഗോവ): ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം പതിപ്പിന്റെ ആദ്യമല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, കരുത്തരായ എടികെ മോഹന്‍ബഗാനോട് പരാജയപെട്ടു. രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ എടികെയുടെ വിജയം. മല്‍സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് അവസാന മിനിറ്റുകളില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. മനോഹരമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടുഗോളുകളും. 24ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദും 69ാം മിനിറ്റില്‍ പെരേര ഡയസുമാണ് എതിര്‍വല കുലുക്കിയത്. എടികെഎംബിക്കായി ഹ്യൂഗോ ബൗമസ് (3, 39), റോയ് കൃഷ്ണ (27), ലിസ്റ്റണ്‍ (50) എന്നിവര്‍ ഗോള്‍ നേടി. പരാജയപ്പെട്ടെങ്കിലും പന്തടക്കത്തിലും, വിജയകരമായ പാസുകളുടെ എണ്ണത്തിലും ബ്ലാസ്‌റ്റേഴ്‌സ് അപ്രമാദിത്യം പുലര്‍ത്തി. പ്രത്യാക്രമണത്തിലെ മികവ് എടികെഎംബിയെ തുണച്ചു. നവംബര്‍ 25ന് ഫറ്റോര്‍ഡയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.


പുതിയ സീസണിലെ ആദ്യമല്‍സരത്തിനായി കരുത്തുറ്റ നിരയെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ അല്‍ബിനോ ഗോമെസ് മാര്‍കോ ലെസ്‌കോവിച്ച്, വി ബിജോയ്, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് കബ്ര എന്നിവര്‍ പ്രതിരോധത്തില്‍. കെ പി രാഹുല്‍, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിങ്, സഹല്‍ അബ്ദുല്‍ സമദ് എന്നിവരായിരുന്നു മധ്യനിരയില്‍. മുന്നേറ്റത്തില്‍ അല്‍വാരോ വാസ്‌കേസും ജോര്‍ജ് ഡയസും. എടികെ മോഹന്‍ ബഗാന്റെ ഗോള്‍വലയ്ക്ക് മുന്നില്‍ അമരീന്ദര്‍ സിങ് എത്തി. പ്രീതം കോട്ടല്‍, സുഭാശിഷ് ബോസ്, ദീപക് താംഗ്രി, കാള്‍ മക്ഗഹ് എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ലെന്നി റോഡ്രിഗസ്, ജോണി കൗകോ, ഹ്യൂഗോ ബൗമസ് എന്നിവരും. ഗോളടിക്കാരായി റോയ് കൃഷ്ണ, മന്‍വീര്‍ സിങ്, ലിസ്റ്റണ്‍ അണിനിരന്നു.

കളിതുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ എടികെ മോഹന്‍ബഗാന്‍ മുന്നിലെത്തി. കോര്‍ണര്‍ കിക്കിനൊടുവില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഹ്യൂഗോ ബൗമസ് തൊടുത്ത ഷോട്ട് കേരളത്തിന്റെ വലയില്‍ കയറി. ഐഎസ്എല്‍ എട്ടാം പതിപ്പിലെ ആദ്യഗോള്‍ ഫ്രഞ്ച് താരത്തിന്റെ പേരിലായി. വലത് വിങില്‍ നിന്നുള്ള ക്രോസുകളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് എടികെ ഗോള്‍മുഖത്ത് സമ്മര്‍ദം സൃഷ്ടിച്ചു, വിദൂര ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. 14ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായി രണ്ടു കോര്‍ണറുകള്‍ ലഭിച്ചു. ആദ്യകോര്‍ണറില്‍ വി.ബിജോയിയുടെ ഹെഡര്‍ എടികെയുടെ കൗകോയുടെ കയ്യില്‍ തട്ടിയെങ്കിലും റഫറി കോര്‍ണര്‍ മാത്രം വിധിച്ചു. രണ്ടാം കോര്‍ണറില്‍ ജോര്‍ജ് ഡയസും ഹെഡറിന് ശ്രമിച്ചു.

പന്തടക്കം കാട്ടിയ ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. 24ാം മിനുറ്റില്‍ വലത് മൂലയില്‍ നിന്നുള്ള നീക്കത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. മലയാളി താരങ്ങളായിരുന്നു ഗോളിന് പിന്നില്‍. വിങില്‍ മുന്നേറി പ്രതിരോധം വിഫലമാക്കിയ ശേഷം, ബോക്‌സിന് നടുവിലായി നിന്ന സഹല്‍ അബ്ദുസമദിലേക്ക് രാഹുല്‍ കെ.പിയുടെ ക്രോസ്. നെഞ്ചിലെ ആദ്യടച്ചിന് ശേഷം സഹലിന്റെ വലങ്കാലന്‍ ഷോട്ട് രണ്ട് പ്രതിരോധ താരങ്ങളെയും ഗോളിയെയും നിഷ്പ്രഭരാക്കി ബോക്‌സിന്റെ വലത് മൂലയില്‍ പതിച്ചു. 27ാം മിനിറ്റില്‍ എടികെഎംബി വീണ്ടും ലീഡെടുത്തു. പെനാല്‍റ്റി കിക്കില്‍ നിന്ന് റോയ് കൃഷ്ണ ആയിരുന്നു സ്‌കോറര്‍. 32ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിയിലെ ആദ്യമാറ്റം വരുത്തി. രാഹുല്‍ കെ.പിക്ക് പകരം പ്രശാന്ത്.കെ കളത്തിലിറങ്ങി. ബിജോയ് വര്‍ഗീസിന്റെ ഒരു ഹെഡര്‍ ശ്രമം കൂടി നഷ്ടമായതിന് പിന്നാലെ എടികെഎംബി ബൗമസിലൂടെ സ്‌കോര്‍ ഉയര്‍ത്തി. 39ാം മിനിറ്റില്‍ ദുഷ്‌ക്കരമായ ആംഗിളില്‍ നിന്നായിരുന്നു ബൗമസിന്റെ കളിയിലെ രണ്ടാം ഗോള്‍.

രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച രീതിയില്‍ തുടങ്ങി. തുടര്‍ച്ചയായി രണ്ടു കോര്‍ണറുകള്‍ നേടാനായെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ പ്രതിഫലിച്ചില്ല. ലിസ്റ്റണിന്റെ ബോക്‌സിന് ഇടത് ഭാഗത്ത് നിന്നുള്ള മനോഹരമായ ഷോട്ട് എടികെഎംബിക്ക് നാലാം ഗോള്‍ സമ്മാനിച്ചു. തൊട്ടുപിന്നാലെ പെരേര ഡയസിന്റെ ബോക്‌സിന് നടുവില്‍ നിന്നുള്ള വലങ്കാലന്‍ ഷോട്ട് അമരീന്ദര്‍ തടഞ്ഞിട്ടു. 63ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള റോയ് കൃഷ്ണയുടെ ഒരു ശ്രമം ബ്ലാസ്‌റ്റേഴ്‌സ് ഗോളി അല്‍ബിനോ ഗോമസ് ഉജ്വലമായി സേവ് ചെയ്തു. കളി തിരിച്ചുപിടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. 69ാം മിനുറ്റില്‍ ടീം രണ്ടാം ഗോളിലെത്തി. സ്വന്തം പകുതിയില്‍നിന്ന് മൈതാന മധ്യത്തിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം. അഡ്രിയാന്‍ ലൂണയില്‍ നിന്ന് നേരിട്ടെത്തിയ പന്തില്‍ ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് മികച്ചൊരു ഷോട്ടിലൂടെ പെരേര ഡയസ് ലക്ഷ്യം കണ്ടു. തുടരെ മൂന്ന് മാറ്റങ്ങള്‍ വരുത്തിയ ബ്ലാസ്‌റ്റേഴ്‌സ് സഹല്‍, ഖബ്ര, വാസ്‌ക്വസ് എന്നിവരെ മടക്കി. ഗില്‍റ്റ്‌ഷെന്‍, സന്ദീപ്, ആയുഷ് എന്നിവര്‍ പകരക്കാരായി.

Next Story

RELATED STORIES

Share it