Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ അങ്കം ; എതിരാളി എടികെ മോഹന്‍ ബഗാന്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്‌സറ്റാര്‍ എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ അങ്കം ; എതിരാളി എടികെ മോഹന്‍ ബഗാന്‍
X




പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനുമായി കൊമ്പുകോര്‍ക്കും. വൈകിട്ട് 7.30ന് ജിഎംസി സ്‌റ്റേഡിയത്തിലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്‌സറ്റാര്‍ എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും.


മികച്ച മുന്നൊരുക്കത്തോടെയാണ് ഇരുടീമും ഈ സീസണില്‍ ഇറങ്ങുന്നത്. ബ്ലാസ്്‌റ്റേഴ്‌സിനായി ഇത്തവണ അഞ്ച് മലയാളി താരങ്ങള്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലും ടീമിനൊപ്പം ഉള്ളവരാണിവര്‍. ഡിഫന്‍ഡര്‍ അബ്ദുല്‍ ഹക്കു, മിഡ് ഫീല്‍ഡര്‍മാരായ അര്‍ജുന്‍ ജയരാജ്, സഹല്‍ അബ്ദുല്‍ സമദ്, കെ പി രാഹുല്‍, പ്രശാന്ത് എന്നിവരാണ് ഇവര്‍. എന്നാല്‍ അന്തിമ ഇലവനില്‍ ആരൊക്കെ സ്ഥാനം പിടിക്കുമെന്ന് കണ്ടറിയാം. ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ നാല് ക്യാപ്റ്റന്‍മാരാണുള്ളത്. കോസ്റ്റ, സിഡോഞ്ച, ജെസ്സല്‍ എന്നിവരാണ് ക്യാപ്റ്റന്‍മാര്‍. നാലാമത്തെ ക്യാപ്റ്റനെ കുറച്ച് മല്‍സരങ്ങള്‍ക്ക് ശേഷം പ്രഖ്യാപിക്കൂവെന്ന് കോച്ച് കിബു വികൂന പറഞ്ഞു. വമ്പന്‍ പരീക്ഷണങ്ങളുമായാണ് പുതിയ കോച്ച് വികൂന ഇന്നിറങ്ങുക. ബഗാനെ കഴിഞ്ഞ തവണ ഐ ലീഗ് കിരീട നേട്ടത്തിലേക്ക് എത്തിച്ച കോച്ചാണ് കിബു വികുന.


ഏറ്റവും മികച്ച മുന്നേറ്റ നിരയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറക്കുക. ഇംഗ്ലിഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍, അര്‍ജന്റീനയുടെ ഫകുണ്ടോ പെരേര, ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുരേ എന്നിവരാണ് മുന്നേറ്റ നിരയിലെ വിദേശ താരങ്ങള്‍. ഗോള്‍ വേട്ടയ്ക്കായി ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ നിര്‍ത്തുന്നതും ഹൂപ്പറെയാണ്. ടോട്ടന്‍ഹാം അക്കാദമിയിലൂടെ കളി തുടങ്ങിയ ഹൂപ്പര്‍ പ്രീമിയര്‍ ലീഗിലും സ്‌കോട്ടിഷ് ലീഗിലും ഓസ്‌ട്രേലിയന്‍ ലീഗിലും കളിച്ച പരിചയസമ്പത്തുണ്ട്. നോറോ സിങ് ഷയ്‌ബോര്‍ലാങ് ഖാര്‍പ്പ് എന്നിവരും മുന്നേറ്റ് നിരയിലൂണ്ടായേക്കും. വിങറായി രാഹുലും ഇറങ്ങിയേക്കും. ആല്‍ബിനോ ഗോമസ്, നിഷു കുമാര്‍, വിന്‍സന്റ് ഗോമസ് എന്നീ താരങ്ങളും അന്തിമ ഇലവനില്‍ കളിച്ചേക്കും.


രണ്ട് തവണ കൈയ്യെത്തും ദൂരത്ത് കൈവിട്ട കിരീടം നേടുകയെന്ന ലക്ഷ്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കുറിയിറങ്ങുന്നത്. സൂപ്പര്‍ ലീഗിലെ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരും(എടികെ) ഐ ലീഗിലെ ചാംപ്യന്‍മാരും(മോഹന്‍ ബഗാന്‍) കൂടി ചേര്‍ന്ന എടികെ മോഹന്‍ ബഗാനെ തളയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് നന്നായി വിയര്‍ക്കേണ്ടി വരും. രണ്ട് തവണയും കേരളം കിരീടം കൈവിട്ടത് എടികെയുടെ മുന്നിലാണ്. ബ്ലാസ്‌റ്റേഴ്‌സിനായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച സന്ദേശ് ജിങ്കന്‍ ഇത്തവണ എടികെ മോഹന്‍ ബഗാന് വേണ്ടിയാണ് കളിക്കുന്നത്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സുമായി പോരാടാന്‍ ബഗാന്‍ നിരയില്‍ ജിങ്കനും ഉണ്ടാവും.






Next Story

RELATED STORIES

Share it