Football

'ഞങ്ങളുടെ നേതാവിനെ അവര്‍ വധിച്ചു'; ഫിഫ ലോകകപ്പില്‍ കളിക്കാനില്ലെന്ന് ഇറാന്‍ കായിക മന്ത്രി

യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍

ഞങ്ങളുടെ നേതാവിനെ അവര്‍ വധിച്ചു; ഫിഫ ലോകകപ്പില്‍ കളിക്കാനില്ലെന്ന് ഇറാന്‍ കായിക മന്ത്രി
X

തെഹ്‌റാന്‍: ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ഇറാന്‍ ടീം കളിക്കില്ലെന്ന് രാജ്യത്തിന്റെ കായിക മന്ത്രി. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്‍ അവിടെ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ തങ്ങളുടെ ടീമിന് കഴിയില്ലെന്ന് കായിക മന്ത്രി അഹ്‌മദ് ദുന്യാമലി വ്യക്തമാക്കി.

യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍. ഇറാന്റെ ഗ്രൂപ് ഘട്ട മല്‍സരങ്ങളെല്ലാം ലോസ് ഏഞ്ചല്‍സ്, സിയാറ്റില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയ ആദ്യ രാജ്യമാണ് ഇറാന്‍.

അഴിമതി നിറഞ്ഞ യുഎസ് ഭരണകൂടം നമ്മുടെ നേതാവിനെ വധിച്ച സ്ഥിതിക്ക്, ഒരു സാഹചര്യത്തിലും ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇറാനെതിരെ അവര്‍ നടത്തിയ ദുഷ്ടപ്രവൃത്തികള്‍ കണക്കിലെടുക്കണം. എട്ടോ ഒന്‍പതോ മാസത്തിനുള്ളില്‍ രണ്ട് യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്ത ഒരു രാജ്യത്ത് നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല. ലോകകപ്പില്‍ അവിടെ കളിക്കുന്നതിനുള്ള സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരേ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ആക്രമണം ആരംഭിച്ച് ആദ്യ 12 ദിവസത്തിനുള്ളില്‍ മാത്രം ഇറാനില്‍ 1,255 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. തുടര്‍ന്ന് ടൂര്‍ണമെന്റിലെ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് അഭ്യൂഹങ്ങളും അനിശ്ചിതത്വങ്ങളും ഏറെയായിരുന്നു. ഈ വിഷയത്തില്‍ ഇറാന്‍ സര്‍ക്കാരിലെ ഔദ്യോഗിക പ്രതിനിധി നിലപാട് വ്യക്തമാക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞയാഴ്ച ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തില്‍ സംശയം ഉന്നയിച്ചിരുന്നെങ്കിലും ബഹിഷ്‌കരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല.

Next Story

RELATED STORIES

Share it