Top

ആരാധകരുടെ ബഹിഷ്‌കരണ ഭീഷണി; ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവന്മരണ പോരാട്ടം

ആരാധകരുടെ ബഹിഷ്‌കരണ ഭീഷണി; ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവന്മരണ പോരാട്ടം
X

കൊച്ചി: തുടര്‍ തോല്‍വികള്‍, ആരാധകരുടെ ബഹിഷ്‌കരണ ഭീഷണി, ടീമിലെ പടലപിണക്കങ്ങള്‍; ഇന്ന് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ നിര്‍ണായക മല്‍സരത്തിനിറങ്ങുമ്പോള്‍ കളിക്കളത്തിന് അകത്തും പുറത്തും കേരള ബ്ലാസ്റ്റേഴ്‌സ് അതീവ സമ്മര്‍ദ്ദത്തിലാണ്. മാനേജ്‌മെന്റിനോടുള്ള താക്കീതായി ഒരു വിഭാഗം കാണികള്‍ കളികാണാന്‍ എത്തില്ലെന്ന് അറിയിച്ചതോടെ ആരാധകരുടെ പിണക്കം തീര്‍ക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലില്ല. വൈകിട്ട് 7.30ന് കലൂര്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.

തോറ്റാല്‍ ലീഗില്‍ നിന്ന് മടങ്ങാം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ഹോം മല്‍സരങ്ങളില്‍ ഇതുവരെ വിജയിക്കാത്ത ടീം എന്ന മോശം റെക്കോഡ് ചുമക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ ഈ വര്‍ഷം നടന്ന നാല് മല്‍സരങ്ങളില്‍ രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ടിലുള്ളത്. ആകെ കളിച്ച ഒമ്പത് കളികളില്‍ നിന്ന് നേടാനായത് ഒരു ജയം മാത്രം. ഇന്ന് തോല്‍ക്കുകയാണെങ്കില്‍ അവസാന നാലില്‍ എത്തണമെങ്കില്‍ ശേഷിക്കുന്ന എട്ട് കളികള്‍ തുടര്‍ച്ചയായി ജയിച്ച് 30 പോയിന്റ് നേടണം.

ഇന്ന് തോല്‍ക്കുകയാണെങ്കില്‍ പിന്നീട് ഒരു സമനില പോലും മഞ്ഞപ്പടയ്ക്ക് പുറത്തേക്കുള്ള വഴി തെളിയിക്കും. ഏത് ഫോര്‍മേഷനില്‍ ടീമിനെ അവതരിപ്പിക്കണമെന്ന് കോച്ച് ഡേവിഡ് ജെയിംസിന് ഇപ്പോഴും വ്യക്തമല്ല. മധ്യനിരയ്ക്ക് പ്രാധാന്യം നല്‍കാതെ ലോംഗ് ബോള്‍ കളിക്കുന്ന ഇംഗ്ലീഷ് ശൈലിയാണ് ഡേവിഡ് ജെയിംസിനുള്ളത്. കഴിഞ്ഞ കളികളിലെല്ലാം അമ്പേ പരാജയപ്പെട്ട ഈ ശൈലി മാറ്റണമെന്ന് ആരാധകര്‍ മുറവിളി കൂട്ടിയിട്ടും ജെയിംസിന് കുലുക്കമില്ല.

കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. മുന്നേറ്റ നിരയില്‍ പൊപ്ലാറ്റ്‌നിക്കിനെ അണിനിരത്തി സഹലിനെയും കിസറ്റോയെയും മധ്യനിരയിലിറക്കിയാകും ഡേവിഡ് ജെയിംസ് ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്നത്. ഗോള്‍ബാറിന് കീഴില്‍ ചെന്നൈക്കെതിരെ മരണകളി പുറത്തെടുത്ത ധീരജ് സിംഗും ഇടംപിടിക്കും. ഇന്ന് ജയിച്ച് ടൂര്‍ണമെന്റില്‍ നിലനില്‍പ്പിനുള്ള സാധ്യതകള്‍ തുറക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള ഏക ലക്ഷ്യം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പത്തില്‍ ഏഴാം സ്ഥാനം.

ജയിച്ച് മുന്നിലെത്താന്‍ ജംഷഡ്പൂര്‍

തളര്‍ന്നിരിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെതിരെ മാന്യമായ കളി പുറത്തെടുത്താല്‍ ജംഷ്ഡ്പൂര്‍ എഫ്‌സിക്ക് വിജയിക്കാം. നിലവില്‍ 10 കളിയില്‍ നിന്ന് 15 പോയിന്റുമായി അവര്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. ജയിക്കുകയാണെങ്കില്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്താം. മൂന്ന് കളി മാത്രമാണ് ജയിച്ചതെങ്കിലും ആറ് കളി സമനിലയിലാക്കി ലഭിച്ച പോയിന്റാണ് അവര്‍ക്ക് തുണയായത്. ലീഗിലെ ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം. സാഹചര്യം അപ്പാടെ മാറി. സുസൈരാജ് അടങ്ങിയ മുന്നേറ്റനിര മികച്ച ഫോമിലാണ്. കാര്‍ലോസും മൊര്‍ഗഡോയും ചേരുമ്പോള്‍ അവര്‍ കളികളത്തില്‍ കരുത്തര്‍. ഗോള്‍ബാറിന് കീഴില്‍ സുബ്രതോ പോളിന്റെ സാനിധ്യവും അവരുടെ ശക്തി ഇരട്ടിയാക്കുന്നു.

ഇതിഹാസ താരത്തെ സാക്ഷിനിര്‍ത്തി

ജര്‍മനിയുടെ ഇതിഹാസതാരം ലോതര്‍ മാത്തേവൂസ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരം കാണാന്‍ മൈതാനത്തുണ്ടാകും. ജര്‍മന്‍ ലീഗായ ബുണ്ടസ് ലീഗും ഐഎസ്എലും തമ്മിലുള്ള സഹകരണത്തിന്റെ മുന്നോടിയായാണ് മാത്തേവൂസ് എത്തുന്നത്. ലോതര്‍ മാത്തേവൂസിന് മുന്നില്‍ മികച്ച കളി പുറത്തെടുത്ത് ആരാധകരെ തൃപ്തരാക്കി അവരുടെ മനസു നിറച്ചിട്ട് കളം വിടാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സാധിക്കുമോ? നമുക്ക് കാത്തിരിക്കാം.
Next Story

RELATED STORIES

Share it