Football

'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം, നമുക്കൊരുമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാം'; റൊണാള്‍ഡൊ രണ്ടുവര്‍ഷംകൂടി അല്‍ നസ്റില്‍

പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം, നമുക്കൊരുമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാം; റൊണാള്‍ഡൊ രണ്ടുവര്‍ഷംകൂടി അല്‍ നസ്റില്‍
X

ലണ്ടന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ രണ്ടുവര്‍ഷംകൂടി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നസ്റില്‍ തുടരും. 'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം, നമുക്കൊരുമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാം'. കരാര്‍ ഒപ്പുവച്ചശേഷം ക്രിസ്റ്റ്യാനോ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

അഞ്ചുവട്ടം ബാലണ്‍ദ്യോര്‍ പുരസ്‌കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫലത്തിലായിരുന്നു താരത്തിന്റെ ചുവടുമാറ്റം. 1500 കോടി രൂപയിലേറെയായിരുന്നു കരാര്‍ത്തുകയെന്നാണ് സൂചന. ക്രിസ്റ്റ്യാനോ സൗദിയില്‍ തുടരുമോ എന്നകാര്യത്തില്‍ സംശയമുണ്ടായിരുന്നു. കഴിഞ്ഞമാസം ക്ലബ്ബ് വിടുകയാണെന്ന സൂചനയാണ് താരം നല്‍കിയിരുന്നത്. എന്നാല്‍, കരാര്‍ പുതുക്കിയതിലൂടെ എല്ലാ സംശയങ്ങളും അസ്ഥാനത്തായി. അല്‍ നസ്റിനായി 77 മല്‍സരങ്ങളില്‍ നിന്ന് 74 ഗോളുകള്‍ നേടിയിട്ടുണ്ട്.

അഞ്ചുവട്ടം ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കിയ മുന്‍ റയല്‍ മഡ്രിഡ് താരം ഇത്തവണ പോര്‍ച്ചുഗലിന് യൂറോപ്യന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്താണ് വീണ്ടും സൗദിയിലെത്തുന്നത്. അടുത്തലോകകപ്പിലും ക്രിസ്റ്റ്യാനൊ പോര്‍ച്ചുഗലിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കരാര്‍ വിവരങ്ങള്‍ ഇങ്ങനെ

കരാര്‍ പ്രകാരം ഒരു വര്‍ഷം ക്രിസ്റ്റ്യാനോയ്ക്ക് 178 മില്ല്യണ്‍ പൗണ്ട് (2000 കോടി രൂപ) ലഭിക്കുമെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലബില്‍ 15% ഓഹരിയും താരത്തിനുണ്ട്. 33 മില്ല്യണ്‍ പൗണ്ട് മൂല്യം വരുന്നതാണിത്. സൈനിങ് ബോണസായി 24.5 മില്ല്യണ്‍ പൗണ്ട് ആദ്യ വര്‍ഷം ലഭിക്കും. രണ്ടാം വര്‍ഷം ഇത് 38 മില്ല്യണ്‍ പൗണ്ടായി ഉയരുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ക്ലബ്ബ് സൗദി പ്രോ ലീഗ് കിരീടം നേടിയാല്‍ എട്ട് മില്ല്യണ്‍ പൗണ്ടും ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ നാല് മില്ല്യണ്‍ പൗണ്ടും ബോണസായി ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കും. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുകയും വിജയിക്കുകയും ചെയ്താല്‍ 6.5 മില്ല്യണ്‍ പൗണ്ട് ബോണസായി കിട്ടും. നാല് മില്ല്യണ്‍ പൗണ്ടോളം വരുന്ന പ്രൈവറ്റ് ജെറ്റിന്റെ ചെലവുകളും ക്ല്ബ്ബ് വഹിക്കും.

വിവിധ ജോലികള്‍ക്കായി താരത്തിനൊപ്പം 16 പേര്‍ മുഴുവന്‍ സമയവും ഉണ്ടാകും. മൂന്ന് ഡ്രൈവര്‍മാരും വീട്ടുജോലികള്‍ക്കായി നാല് പേരുമുണ്ടാകും. രണ്ട് ഷെഫുമാരും പൂന്തോട്ട പരിപാലനത്തിനായി മൂന്ന് പേരുമുണ്ടാകും. നാലുപേര്‍ചേര്‍ന്ന് താരത്തിന് പ്രത്യേക സുരക്ഷയുമൊരുക്കും.






Next Story

RELATED STORIES

Share it