Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു
X

ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു. റൊണാള്‍ഡോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന സൂചന നല്‍കി ദീര്‍ഘകാല പങ്കാളിയും മോഡലുമായ ജോര്‍ജിന റോഡ്രിഗസ് വിവാഹമോതിരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. റൊണാള്‍ഡോ വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നും താന്‍ അത് സ്വീകരിച്ചെന്നും ജോര്‍ജിന ഇന്‍സ്റ്റയിലൂടെ ആരാധകരെ അറിയിച്ചു. എവിടെ വച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല.വജ്രമോതിരം വിരലില്‍ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവച്ചാണ് ജോര്‍ജിനയുടെ കുറിപ്പ്. കഴിഞ്ഞ 9 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

40 വയസുള്ള റൊണാള്‍ഡോയ്ക്ക് 31 വയസ്സുകാരിയായ ജോര്‍ജിനക്കും അഞ്ച് മക്കളുണ്ട്. 2010ല്‍ റൊണാള്‍ഡോയുടെ മുന്‍ബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനൊ ജൂനിയര്‍ ആണ് ഏറ്റവും മതിര്‍ന്നയാള്‍. 2017ല്‍ വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാന്റോസ്, മറ്റിയോ റൊണാള്‍ഡോ, 2017ല്‍ ജോര്‍ജീനയുമായുള്ള ബന്ധത്തില്‍ ജനിച്ച അലാന മാര്‍ട്ടീന, 2022ല്‍ ജനിച്ച ബെല്ല എസ്‌മെറാള്‍ഡ എന്നിവരാണ് റൊണാള്‍ഡോയുടെ അഞ്ച് മക്കള്‍. 2022ല്‍ ബെല്ലയ്‌ക്കൊപ്പം ജനിച്ച എയ്ഞ്ചല്‍ പ്രസവത്തില്‍ തന്നെ മരിച്ചുപോയിരുന്നു. റൊണാള്‍ഡോയുടെ മുന്‍ ബന്ധത്തിലെ മകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ അടക്കമുള്ളവരുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത് ജോര്‍ജിന തന്നെയാണ്.

2016ല്‍ സ്‌പെയിനിലെ മാഡ്രിഡില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. റൊണാള്‍ഡോ അപ്പോള്‍ റയല്‍ മാഡ്രിഡിന്റെ താരമായിരുന്നു. 2022 മുതല്‍ സൗദി ക്ലബ്ബായ അല്‍ നസ്‌റിന് വേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്. കുടുംബവുമൊത്ത് റിയാദിലാണ് ഇപ്പോള്‍ റൊണാള്‍ഡോയുള്ളത്. കഴിഞ്ഞ ജൂണില്‍ അല്‍ നസ്‌റുമായുള്ള കരാര്‍ അവസാനിച്ചെങ്കിലും രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഇരുവരും പരസ്പര ധാരണയോടെ തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it