Football

25 വര്‍ഷത്തിന് ശേഷം പുറത്താകല്‍; എസ്പാനിയോളിന് ഇന്ന് നിര്‍ണ്ണായകം

ലെഗനീസ്(28), മലോര്‍ക്ക( 29) എന്നിവരാണ് എസ്പാനിയോളിന് മുന്നിലുള്ള രണ്ട് ക്ലബ്ബുകള്‍. 16, 17 സ്ഥാനങ്ങളില്‍ ഉള്ള ആല്‍വ്സ്, ഐബര്‍ എന്നിവര്‍ക്ക് 35 പോയിന്റ് വീതമാണുള്ളത്.

25 വര്‍ഷത്തിന് ശേഷം പുറത്താകല്‍; എസ്പാനിയോളിന് ഇന്ന് നിര്‍ണ്ണായകം
X

മാഡ്രിഡ്: സ്പാനഷ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന ബാഴ്സലോണ-എസ്പാനിയോള്‍ പോരാട്ടത്തിന് ഏറെ പ്രത്യേകതയുണ്ട്. കിരീടം നേട്ടം കൈയെത്തും ദൂരത്തുള്ള ബാഴ്സയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. എന്നാല്‍ എസ്പാനിയോളിന്റെ ഇന്നത്തെ തോല്‍വി ലീഗില്‍ നിന്ന് പുറത്തേക്കുള്ള വഴിയാകും. അതാവാട്ടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സ്പാനിഷ് ലീഗില്‍ നിന്നുള്ള ആദ്യ പുറത്താകല്‍. സ്പാനിഷ് ലീഗില്‍ അവസാന സ്ഥാനത്താണ് എസ്പാനിയോള്‍. നാല് മല്‍സരങ്ങള്‍ ശേഷിക്കെ 34 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റാണ് എസ്പാനിയോളിനുള്ളത്.

ലെഗനീസ്(28), മലോര്‍ക്ക( 29) എന്നിവരാണ് എസ്പാനിയോളിന് മുന്നിലുള്ള രണ്ട് ക്ലബ്ബുകള്‍. 16, 17 സ്ഥാനങ്ങളില്‍ ഉള്ള ആല്‍വ്സ്, ഐബര്‍ എന്നിവര്‍ക്ക് 35 പോയിന്റ് വീതമാണുള്ളത്. തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങളിലും എസ്പാനിയോള്‍ ജയിക്കുന്ന പക്ഷം അവര്‍ക്ക് റെലഗേഷനില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ബാഴ്സയെ പരാജയപ്പെടുത്താന്‍ എസ്പാനിയോളിന് ആയിട്ടില്ല. അതുകൊണ്ട് ഇന്ന് ജയം കറ്റാലന്‍സിനൊപ്പമാവാനാണ് സാധ്യത. ബാഴ്സയ്ക്കാവട്ടെ ഇന്ന് ജയിച്ച് റയല്‍ മാഡ്രിഡിന് പിന്‍തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറണം. വന്‍ മാര്‍ജിനിലുള്ള ജയത്തില്‍ കുറഞ്ഞതൊന്നും ബാഴ്സ പ്രതീക്ഷിക്കുന്നില്ല.

ചൈനീസ് ഭീമന്‍മാരായ റാസ്റ്റര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള ക്ലബ്ബാണ് എസ്പാനിയോള്‍. മോഡല്‍ കാര്‍ നിര്‍മ്മാതാക്കളാണ് റാസ്റ്റര്‍. 2016ലാണ് ക്ലബ്ബിന്റെ 50 ശതമാനം ഓഹരി റാസ്റ്റര്‍ ഗ്രൂപ്പ് വാങ്ങിയത്. നിലവില്‍ ക്ലബ്ബിന്റെ 100 ശതമാനം ഓഹരിയും റാസ്റ്റര്‍ ഗ്രൂപ്പിന്റേതാണ്. 1994-95 സീസണിലാണ് എസ്പാനിയോള്‍ സ്പാനിഷ് ലീഗില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇതുവരെ അവര്‍ ലീഗില്‍ നിന്ന് പുറത്തായിട്ടില്ല. കഴിഞ്ഞ രണ്ട് സീസണിലും ഏഴും എട്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമാണ് ഈ സീസണില്‍ അവസാന സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ നാല് പരിശീലകരെയാണ് ക്ലബ്ബ് പരീക്ഷിച്ചത്. കൂടാതെ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണയില്‍ 80 മില്ല്യണ്‍ യൂറോ ഇറക്കിയാണ് താരങ്ങളെ സ്വന്തമാക്കിയത്. ക്ലബ്ബിന്റെ നിലവിലെ സ്ഥിതിയില്‍ ദുഖവും രോഷവും ഉണ്ടെന്ന് റാസ്റ്റര്‍ ഗ്രൂപ്പ് അറിയിച്ചു.




Next Story

RELATED STORIES

Share it