Football

ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും കൊളംബിയക്കും കാത്തിരിക്കണം

ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും കൊളംബിയക്കും കാത്തിരിക്കണം
X

സാവോപോളോ: പരഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടി. 44ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 25 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെ, പരാഗ്വേയ്‌ക്കെതിരായ മല്‍സരം ബ്രസീലിന് നിര്‍ണായകമായിരുന്നു.

ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ഉറുഗ്വെ യോഗ്യതക്ക് അരികിലെത്തി. അതേസമയം ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോള്‍ തോല്‍വി വഴങ്ങിയ മുന്‍ ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിനാണ് ചിലി യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നത്. 2018ലും 2022ലും ചിലിക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.

നേരത്തെ യോഗ്യത ഉറപ്പിച്ച നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ കൊളംബിയയോട് സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ കൊളംബിയ ഒരു ഗോള്‍ ലീഡുമായി മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും സമനിഗല ഗോളിനായുള്ള അര്‍ജന്റീനയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

ഇതിനിടെ എഴുപതാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന പ്രതിസന്ധിയിലായി. ലോക ചാംപ്യന്‍മാര്‍ തോല്‍വിയിലേക്ക് വീഴുമോ എന്ന ആശങ്കകള്‍ക്കിടെ അര്‍ജന്റീനയുടെ സമനില ഗോളെത്തി. 81 മിനിറ്റില്‍ തിയാഗോ അല്‍മേഡയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. സമിനില വഴങ്ങിയെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത പട്ടികയില്‍ 35 പോയന്റുമായി അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നു.




Next Story

RELATED STORIES

Share it