Top

ബ്ലാസ്‌റ്റേഴ്‌സിനെ പൂനെയും റഫറിയും സമനിലയില്‍ തളച്ചു

സമനില ശാപമുക്തി തേടി പൂനെയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ ആക്രമണശൈലിയില്‍ പന്തു തട്ടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനിലനിരാശ.

ബ്ലാസ്‌റ്റേഴ്‌സിനെ പൂനെയും  റഫറിയും സമനിലയില്‍ തളച്ചു
X

പൂനെ: സമനില ശാപമുക്തി തേടി പൂനെയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ ആക്രമണശൈലിയില്‍ പന്തു തട്ടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനിലനിരാശ. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിച്ച കളിയില്‍ ആദ്യം മുതല്‍ വ്യക്തമായ മുന്‍തൂക്കം നേടി ആക്രമിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് കളം നിറഞ്ഞത്.പൂനെയുടെ ഗോളി കമല്‍ജിത്ത് സിങ്, പ്രതിരോധതാരം മാത്യു മില്‍സ്്, മധ്യതാരം ആദില്‍ഖാന്‍ എന്നിവരില്‍ തട്ടിയകന്നാണ് കേരളത്തിന്റെ ഓരോ ആക്രമണ നീക്കങ്ങളും അവസാനിച്ചത്. ആതിഥേയരായ പൂനെ സിറ്റിയുടെ ടച്ചോടെ ആരംഭിച്ച മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളായിരുന്നു കൂടുതലും. മൂന്നാം മിനിറ്റില്‍ സി കെ വിനീതിലൂടെ കേരളം ആദ്യ ഷോട്ട് തൊടുത്തെങ്കിലും പൂനെ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ്, അനായാസം പന്ത് കൈപ്പിടിയിലൊതുക്കി. തൊട്ടടുത്ത മിനിറ്റില്‍ വിനീത് തന്നെ നടത്തിയ ഗോള്‍ ശ്രമം, പക്ഷേ പോസ്റ്റിന് മുകളിലൂടെ പന്ത് പറന്നു.

കേരളം തുടര്‍ച്ചയായി ആക്രമിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധിക്കുക മാത്രമായി പൂനെ താരങ്ങളുടെ ജോലി. ഇതിനിടയില്‍ വിനീത് തൊടുത്ത ഷോട്ടും സ്‌റ്റൊജനോവിച്ചിന്റെ ലോങ് റേഞ്ചറും പൂനെ ഗോള്‍കീപ്പര്‍ രക്ഷപെടുത്തി.13ാം മിനിറ്റില്‍ കളിയുടെ ഒഴുക്കിന് വിപരീതമായി മല്‍സരത്തിലെ ആദ്യ ഗോള്‍. ബോക്‌സിന് തൊട്ട് വെളിയില്‍ നിന്ന് പൂനെ താരം മാര്‍ക്കോ സ്റ്റാങ്കോവിച്ച് തൊടുത്ത ഇടം കാലന്‍ ഷോട്ട് ഗോള്‍കീപ്പര്‍ നവീന്‍ കുമാറിനെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സ് വലയിലെത്തി. പ്രതീക്ഷകള്‍ക്ക് വിപരീതമായി പൂനെ മുന്നില്‍. എന്നാല്‍ ആദ്യ ഗോള്‍ നേടിയതിന് ശേഷം പൂനെ താരങ്ങളുടെ ശരീരഭാഷ തന്നെ മാറി.

ആദ്യ മിനിറ്റുകളില്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് മാഴ്‌സലീഞ്ഞ-അല്‍ഫാരോ ചേര്‍ന്ന കൂട്ടുകെട്ടുകളിലൂടെ ആക്രമിക്കാന്‍ ആരംഭിച്ചു. ഗോളുകൊണ്ട് മുറിവേറ്റ ബ്ലാസ്‌റ്റേഴ്‌സ് കുറച്ച് നേരം പിന്നോട്ട് പോയെങ്കിലും പതിയെ തുടക്കത്തിലേത് പോലുളള ആക്രമണശൈലി വീണ്ടെടുത്ത് കളിച്ചു. തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടിയെങ്കിലും അവയെ അപകടകരമാക്കി മാറ്റുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പക്ഷേ പരാജയപ്പെട്ടു. 26ാം മിനിറ്റില്‍ മല്‍സരത്തിലെ ഗോള്‍സ്‌കോറര്‍ സ്റ്റാങ്കോവിച്ച് പരിക്കിനെത്തുടര്‍ന്ന് പുറത്തേക്ക് പോയി. പകരം വന്നത് ആല്‍വിന്‍ ജോര്‍ജ്ജ്. മല്‍സരത്തില്‍ പിന്നില്‍ നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ തിരിച്ചടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് 42ാം മിനിറ്റില്‍ ഫലമുണ്ടായെന്ന് തോന്നിച്ചെങ്കിലും കേരളം നേടിയ ഗോള്‍ റഫറി അനുവദിച്ചില്ല. ക്രച്ച് മറേവിച്ച് നേടിയ ഗോള്‍ ആദ്യം റഫറി അനുവദിച്ചെങ്കിലും പിന്നീട് അത് ഗോളല്ലെന്ന് റഫറി വിധിയെഴുതുകയായിരുന്നു. റഫറിയുടെ വിവാദ തീരുമാനത്തിന്റെ അലയൊലികളാല്‍ ആദ്യപകുതി അവസാനിക്കുകയായിരുന്നു.


ജയിക്കാന്‍ അധ്വാനിച്ച് കളിക്കണമെന്ന് തിരിച്ചറിഞ്ഞ് രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമായ ആധിപത്യത്തോടെ ആക്രമിച്ച് കളിച്ചു. 55-ാം മിനിറ്റില്‍ പക്ഷെ പൂനെയുടെ അല്‍ഫാരോയെ വീഴ്ത്തിയതിന് ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വില്ലനായ റഫറി പെനല്‍റ്റി വിധിച്ചു. റഫറിയുടെ രണ്ടാമത്തെ തെറ്റായ തീരുമാനമായിരുന്നു അത്. എന്നാല്‍ പെനല്‍റ്റി കിക്കെടുത്ത അല്‍ഫാരോയുടെ ലക്ഷ്യം തെറ്റി ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിന് മുകളില്‍ തട്ടി പുറത്തേക്ക്.

ആശ്വാസത്തിന്റെ രണ്ടാം ജന്‍മം ലഭിച്ചതോടെ തുടരെയുളള ആക്രമണത്തിനിടെ 61-ാം മിനിറ്റില്‍ പൂനെയ്ക്ക് ഒപ്പം കയറി നില്‍ക്കാന്‍ കഴിഞ്ഞ ആ ഗോള്‍ പിറന്നു. ക്രച്ച് മറേവിച്ചിന് ലഭിച്ച പാസ് അനായാസം വലയിലേക്ക് അടിച്ച് പൂനെയുടെ ഗോളിയെയും പറ്റിച്ച് വലയിലെത്തിച്ചതോടെ സമനില. സമനിലയുമായി മുന്നോട്ട് പോകാനാവില്ലെന്നറിയാവുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ മാറ്റിയും ആക്രമണം കടുപ്പിച്ചും സെറ്റ്പീസുകള്‍ കളിച്ചും പരമാവധി ശ്രമിച്ചെങ്കിലും മല്‍സരഫലത്തില്‍ മാറ്റം വന്നില്ല.

ഒടുവില്‍ സമനിലശാപ മോക്ഷത്തിനായി അടുത്ത കളിയില്‍ കാണാമെന്ന ആശ്വാസത്തില്‍ റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുകയായിരുന്നു. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 7 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Next Story

RELATED STORIES

Share it