Football

ലാലിഗയില്‍ ബാഴ്‌സയുടെ വാഴ്ച

ബാഴ്‌സയ്ക്കായി 36ാം മിനുട്ടില്‍ ജെറാര്‍ഡും 87ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ കാര്‍ലെസ് അലേനയും ലക്ഷ്യംകണ്ടു.

ലാലിഗയില്‍ ബാഴ്‌സയുടെ വാഴ്ച
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ ലീഗില്‍ ഒന്നാമത്. ബാഴ്‌സയ്ക്കായി 36ാം മിനുട്ടില്‍ ജെറാര്‍ഡും 87ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ കാര്‍ലെസ് അലേനയും ലക്ഷ്യംകണ്ടു. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്ക് 28 പോയിന്റായി.

മറ്റൊരു മത്സരത്തില്‍ സെവിയ്യ അലാവെസിനോട് സമനില വഴങ്ങിയതും ബാഴ്‌സലോണയ്ക്ക് തുണയായി. ആദ്യ പകുതിയില്‍ ജോണി റോഡ്രിഗ്രസിന്റെ ഗോളില്‍ മുന്നിലെത്തിയ അലാവെസിനെതിരെ 78ാം മിനുട്ടില്‍ വിസാം ബെന്‍ യെഡ്ഡര്‍ നേടിയ ഗോളില്‍ സെവിയ്യ സമനില പിടിക്കുകയായിരുന്നു.

സമനില വഴങ്ങിയതോടെ ലീഗിലെ ഒന്നാം സ്ഥാനം സെവിയ്യക്ക് നഷ്ടമായി. 14 കളികളില്‍ നിന്ന് 27 പോയിന്റുമായി ബാഴ്‌സലോണയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ സെവിയ്യ.

20കാരനായ മിഡ്ഫീല്‍ഡര്‍ കാര്‍ലെസ് അലേനയായിരുന്നു ഇന്നലെ ബാഴ്‌സ- വിയ്യാറയല്‍ മല്‍സരത്തിലെ ശ്രദ്ധാകേന്ദ്രം. ആദ്യമായി സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിന്റെ ആവേശം ഗോളടിച്ച് ആഘോഷമാക്കി യുവതാരം.

ലയണല്‍ മെസ്സിയുടെ ത്രൂബോളില്‍ നിന്നായിരുന്നു അത്. വിയ്യാറയല്‍ ഗോളി സെര്‍ജിയോ അസെന്‍ജോയുടെ മുകളിലൂടെ പന്ത് ചിപ് ചെയ്തിടുകയായിരുന്നു. കളിയില്‍ ബാഴ്‌സക്കു തന്നെയായിരുന്നു ആധിപത്യം. 16 ഷോട്ടുകളാണ് അവര്‍ തൊടുത്തത്. ഇതില്‍ ഏഴെണ്ണം എതിര്‍ ഗോള്‍പോസ്റ്റിനു നേരെയായിരുന്നു. 11 കോര്‍ണറുകളും അവര്‍ക്കു കിട്ടി. മറുഭാഗത്ത് 17 ഫൗളുകളുമായി മെസ്സിയെയും ബാഴ്‌സ മുന്നേറ്റ താരങ്ങളെയും വീഴ്ത്താന്‍ ശ്രമിച്ച വിയ്യാറയലിന് രണ്ടു ഷോട്ടുകളേ ബാഴ്‌സ പോസ്റ്റിനു നേരെ വിടാനായുള്ളൂ. രണ്ടും ഗോളി രക്ഷപ്പെടുത്തി.




Next Story

RELATED STORIES

Share it