Football

സൗഹൃദമല്‍സരത്തില്‍ ബ്രസീലിനെ തകര്‍ത്തെറിഞ്ഞ് ഏഷ്യന്‍ വമ്പന്‍മാരായ ജപ്പാന്‍

സൗഹൃദമല്‍സരത്തില്‍ ബ്രസീലിനെ തകര്‍ത്തെറിഞ്ഞ് ഏഷ്യന്‍ വമ്പന്‍മാരായ ജപ്പാന്‍
X

ടോക്കിയോ: അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ബ്രസലീന് തോല്‍വി. ഏഷ്യന്‍ ശക്തിയായ ജപ്പാനോട് ഒരു ഗോളിന് കാനറികള്‍ പരാജയപ്പെടുകയായിരുന്നു. ആദ്യപകുതിക്ക് പിരിയുന്നത് വരെ രണ്ട് ഗോളിന് മുന്നില്‍ നിന്നാണ് ബ്രസീല്‍ പിന്നീട് തോല്‍വിയിലേക്ക് വീണത്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ഇന്നലെ നടന്ന സൗഹൃദ മത്സരത്തില്‍ വമ്പന്മാരായ ബ്രസീല്‍ 3-2 എന്ന സ്‌കോറിലാണ് ജപ്പാനോട് തോറ്റത്. രണ്ട് ഗോളിന് പിന്നിലായിട്ടും കൃത്യമായ ആസൂത്രണത്തോടെ ഇറങ്ങിയ ജപ്പാന്‍ രണ്ടാംപകുതിയില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. ബ്രസീല്‍ പ്രതിരോധ നിരയെ ആകെ ഉലക്കുന്ന തരത്തില്‍ ഒന്നിന് പിറകെ ഒന്നൊന്നായി ആക്രമണങ്ങള്‍ തുടര്‍ന്നപ്പോള്‍ അതുവരെയുണ്ടായിരുന്ന ആത്മവിശ്വാലമെല്ലാം മുന്‍ലോക ചാംപ്യന്‍മാര്‍ക്ക് ഇല്ലാതായിക്കൊണ്ടിരുന്നു. കൊറിയയുമായുള്ള മല്‍സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ തിളങ്ങിയെങ്കിലും ജപ്പാന്‍പൂട്ടില്‍ താരത്തിന് ഒന്നും ചെയ്യാന്‍ ആയില്ല. അര മണിക്കൂറിനിടെയായിരുന്നു ജാപ്പാന്‍ മൂന്ന് ഗോളുകള്‍ നേടി മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്.

26ാം മിനിറ്റില്‍ പൗലോ ഹെന്റികയും 32-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ബ്രസീലിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ബ്രസീല്‍ താരത്തിന്റെ പ്രതിരോധപ്പിഴവുകള്‍ മുതലെടുത്ത് 52-ാം മിനിറ്റില്‍ തകുമി മിനാമിനോ ജപ്പാന്റെ ആദ്യ ഗോള്‍ നേടി. ഫാബ്രിസിയോ ബ്രൂണോയുടെ പാസിങ്ങിലെ പിഴവ് മുതലെടുത്തായിരുന്നു ഈ നേട്ടം. ഒന്‍പത് മിനിറ്റിനുശേഷം ഒരു ക്ലയറന്‍സിനുള്ള ശ്രമം നടത്തിയ ബ്രൂണോയ്ക്ക് വീണ്ടും പിഴച്ചു. കെയ്‌റ്റോ നാകാമുറ വഴി ജപ്പാന്റെ സമനില ഗോള്‍. മുന്നേറ്റനിരയില്‍ നിന്ന് വിനീഷ്യസ് ജൂനിയര്‍, മാര്‍ട്ടിനല്ലി, മിഡില്‍ നിന്ന് ഗുയിമാരസ് എന്നിവര്‍ ഒരുമിച്ച് പിന്‍വലിക്കപ്പെട്ടു. പകരം മാത്തേവൂസ് കുന്‍ഹയും റോഡ്രിഗോയും ജോലിന്റോണും നിയമിക്കപ്പെട്ടു. കോച്ച് ആന്‍സിലോട്ടിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഈ മാറ്റങ്ങള്‍ നടത്തി അഞ്ച് മിനിറ്റിനുള്ളിലായിരുന്നു സമനില ഗോള്‍.

71ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജുന്‍യ ഇറ്റോ എടുത്ത കോര്‍ണര്‍ കിക്ക്. പ്രതിരോധതാരം ലൂക്കാസ് ബെറാള്‍ഡോയെ മറികടന്ന് അയാസെ ഉവേദ ശക്തമായ ഹെഡറിലൂടെ വലയിലാക്കിയപ്പോള്‍ യുദ്ധം ജയിച്ച പ്രതീതി. സൗഹൃദ മത്സരമായിട്ടും മയമില്ലാതെ ജപ്പാന്‍ തിരിച്ചടി. ഇരുടീമും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീലിനെതിരെയുള്ള ജപ്പാന്റെ ആദ്യ ജയമാണിതെന്നാണ് ഇന്നലെത്തെ പ്രത്യേകത. ഇതിന് മുന്‍പ് നടന്ന 13 മത്സരങ്ങളില്‍ പതിനൊന്നിലും ബ്രസീലിനായിരുന്നു വിജയം.



Next Story

RELATED STORIES

Share it