Football

ദേശീയ ടീം കേരളത്തിലേക്ക് വരില്ലെന്ന് അര്‍ജന്റീനന്‍ മാധ്യമം; സംഘാടകര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനങ്ങള്‍ നടത്തുന്നെന്ന് എഎഫ്‌ഐ, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സ്‌പോണ്‍സര്‍

ദേശീയ ടീം കേരളത്തിലേക്ക് വരില്ലെന്ന് അര്‍ജന്റീനന്‍ മാധ്യമം; സംഘാടകര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനങ്ങള്‍ നടത്തുന്നെന്ന് എഎഫ്‌ഐ, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സ്‌പോണ്‍സര്‍
X

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ രാജ്യാന്തര മല്‍സരം കളിക്കാനെത്തില്ലെന്നു റിപോര്‍ട്ട്. തയാറെടുപ്പുകളുടെയും യാത്രയുടെയും കാര്യത്തില്‍ സംഘാടകര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനങ്ങള്‍ നടത്തുന്നതിനാലാണ് നവംബറിലെ കേരള പര്യടനം ഉപേക്ഷിക്കുന്നതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമമായ 'ലാ നാസിയോണ്‍' റിപോര്‍ട്ട് ചെയ്തു.

''നവംബറിലെ ഇന്ത്യന്‍ പര്യടനം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും ഹോട്ടലും സന്ദര്‍ശിച്ചു. പക്ഷേ, ആവശ്യപ്പെട്ട ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാര്‍ച്ചില്‍ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ട്'' എഎഫ്എ പ്രതിനിധിയെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 17ന് കൊച്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം സൗഹൃദ മല്‍സരം കളിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും സ്‌പോണ്‍സര്‍മാരായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും പ്രഖ്യാപനം.

അര്‍ജന്റീന ടീം കേരള സന്ദര്‍ശനത്തില്‍ നിന്നു പിന്‍മാറിയെന്ന തരത്തില്‍ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു കായിക മന്ത്രി വി.അബ്ദു റഹിമാന്‍. 'ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു നേരത്തേ അറിയിച്ചിരുന്നതാണ്. അതനുസരിച്ചുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. മറ്റു വിവരങ്ങള്‍ സ്‌പോണ്‍സറോട് ചോദിക്കണം' മന്ത്രി പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബര്‍ 17നു കൊച്ചിയില്‍ കളിക്കുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. '' അര്‍ജന്റീന ടീം അംഗങ്ങളുടെ വീസ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും ആന്റോ പറഞ്ഞു.




Next Story

RELATED STORIES

Share it