Football

ക്ലബ്ബ് ലോകകപ്പില്‍ അല്‍ ഹിലാല്‍ കുതിപ്പിന് അവസാനം; ബ്ലോക്കിട്ടത് ബ്രസീലിയന്‍ വമ്പന്‍മാര്‍

ക്ലബ്ബ് ലോകകപ്പില്‍ അല്‍ ഹിലാല്‍ കുതിപ്പിന് അവസാനം; ബ്ലോക്കിട്ടത് ബ്രസീലിയന്‍ വമ്പന്‍മാര്‍
X

ഫിലാഡല്‍ഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളുമിനെന്‍സും സെമിയില്‍. ക്വാര്‍ട്ടറില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ കീഴടക്കിയാണ് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളുമിനെന്‍സ സെമിയിലെത്തിയത്. ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്ളുമിനെന്‍സിന്റെ ജയം.

ജാവോ കാന്‍സെലോയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മത്തേയുസ് മാര്‍ട്ടിനെല്ലിയിലൂടെ ഫ്ളുമിനെന്‍സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഗബ്രിയേല്‍ ഫ്യൂന്റസ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. 51-ാം മിനിറ്റില്‍ മാര്‍ക്കോസ് ലിയോനാര്‍ഡോയിലൂടെ അല്‍ ഹിലാല്‍ ഒപ്പമെത്തി. കലിദു കൗലിബലിയുടെ ഹെഡല്‍ ഫ്ളുമിനെന്‍സ് ബോക്സിലുണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോള്‍.

എന്നാല്‍ 70-ാം മിനിറ്റില്‍ പകരക്കാരന്‍ ഹെര്‍ക്കുലീസിലൂടെ ഫ്ളുമിനെന്‍സ് വിജയഗോള്‍ കണ്ടെത്തി. നേരത്തേ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഹെര്‍ക്കുലീസ് സ്‌കോര്‍ ചെയ്തിരുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ കീഴടക്കി ക്വാര്‍ട്ടറില്‍ കടന്ന അല്‍ ഹിലാലിന് ആ മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല.

മറ്റൊരു മല്‍സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെല്‍സി സെമിയിലെത്തിയത്. സെല്‍ഫ് ഗോളാണ് ഇംഗ്ലീഷ് ടീമിനെ കാത്തത്. 16-ാം മിനിറ്റില്‍ കോള്‍ പാല്‍മറിലൂടെ മുന്നിലെത്തിയ ചെല്‍സിക്കെതിരേ 53-ാം മിനിറ്റില്‍ എസ്റ്റെവാവോയിലൂടെ പാല്‍മിറാസ് ഒപ്പമെത്തി. ഇരു ടീമും വിജയഗോളിനായി ശ്രമിക്കുന്നതിനിടെ 83-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അഗസ്റ്റിന്‍ ജിയായിയുടെ സെല്‍ഫ് ഗോള്‍ മല്‍സരത്തിന്റെ വിധിയെഴുതി. അവസാന മിനിറ്റുകളില്‍ പാല്‍മിറാസ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചെല്‍സി സെമിയില്‍ കടന്നത്. സെമിയില്‍ ഫ്ളുമിനെന്‍സാണ് ചെല്‍സിയുടെ എതിരാളികള്‍.




Next Story

RELATED STORIES

Share it