Football

പോര്‍ച്ചുഗലിന്റെ ജാവോ ഫെലിക്‌സിനെ കെട്ടിപ്പിടിച്ചു; സെല്‍ഫിയും എടുത്തു; മലയാളി ഫുട്‌ബോള്‍ ആരാധകനെ ഗോവയില്‍ ഒരു ദിവസം ജയിലിലിട്ടു

പോര്‍ച്ചുഗലിന്റെ ജാവോ ഫെലിക്‌സിനെ കെട്ടിപ്പിടിച്ചു; സെല്‍ഫിയും എടുത്തു; മലയാളി ഫുട്‌ബോള്‍ ആരാധകനെ ഗോവയില്‍ ഒരു ദിവസം ജയിലിലിട്ടു
X

പനാജി: പോര്‍ച്ചുഗല്‍, അല്‍നസര്‍ താരമായ ജാവോ ഫെലിക്സിനെ കെട്ടിപ്പിടിച്ച മലയാളി ഫുട്ബോള്‍ ആരാധകന് ജയില്‍ ശിക്ഷ. നിരോധിത മേഖലയില്‍ അതിക്രമിച്ചു കയറി രണ്ട് അന്താരാഷ്ട്ര താരങ്ങളെ അപകടത്തിലാക്കിയെന്ന കുറ്റമാണ് മലയാളി ആരാധകനു ജയില്‍ ശിക്ഷയ്ക്കു വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം ഗോവയിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍ അരങ്ങേറിയ എഫ്സി ഗോവ- അല്‍നസര്‍ എഎഫ്സി ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍.

മല്‍സരത്തിന്റെ ആദ്യ പകുതി അവസാനിച്ചുള്ള ഇടവേളയിലാണ് സംഭവം. ജാവോ ഫെലിക്സ് വാം അപ് ചെയ്യുന്നതിനിടെ ആരാധകന്‍ പെട്ടെന്നു ഗ്രൗണ്ടിലേക്ക് ചാടി ഫെലിക്സിനു സമീപമെത്തി. പോര്‍ച്ചുഗല്‍ ടീമിനെ ആരാധിക്കുന്നുവെന്നു പറഞ്ഞാണ് മലയാളി ഫുട്ബോള്‍ പ്രേമി ഫെലിക്സിനു സമീപമെത്തിയത്.

പ്രിയ താരത്തെ തൊടാനുള്ള ആവേശം കൊണ്ടാണ് ആരാധകന്‍ നിയന്ത്രണ മേഖലയിലേക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ മലയാളി ആരാധകന്‍ ജാവോ ഫെലിക്സിനെ കെട്ടിപ്പിടിക്കുകയും താരത്തിനൊപ്പം സെല്‍ഫി എടുക്കുകയുമായിരുന്നു. എന്നാല്‍ അധികൃതര്‍ ആരാധകന്റെ കൈയില്‍ നിന്നു ഫോണ്‍ പിടിച്ചു വാങ്ങി സെല്‍ഫി ചിത്രം ഡിലീറ്റ് ചെയ്തു. പിന്നാലെ ആരാധകനെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ഇതിനു ശേഷമാണ് താരത്തെ ഒരു രാത്രി മുഴുവന്‍ ജയിലില്‍ പിടിച്ചിട്ടത്. കേസെടുത്ത ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇയാളെ വിട്ടയച്ചത്.അതേസമയം സുരക്ഷാ വീഴ്ചയില്‍ എഫ്സി ഗോവയ്ക്കും പണി കിട്ടിയിട്ടുണ്ട്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഗോവ ടീമിനു 8.8 ലക്ഷം രൂപ പിഴ ചുമത്തി.




Next Story

RELATED STORIES

Share it