Football

2026 ലോകകപ്പ് യോഗ്യത; ആഫ്രിക്കയില്‍ നിന്ന് ആദ്യ ടിക്കറ്റെടുത്ത് മൊറോക്കോ

2026 ലോകകപ്പ് യോഗ്യത; ആഫ്രിക്കയില്‍ നിന്ന് ആദ്യ ടിക്കറ്റെടുത്ത് മൊറോക്കോ
X

റബാദ്: ഖത്തര്‍ ലോകകപ്പില്‍ വിസ്മയം തീര്‍ത്ത മൊറോക്കോ അമേരിക്കന്‍ ലോകകപ്പിന് യോഗ്യത നേടി. 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. കഴിഞ്ഞ ലോകകപ്പില്‍ സെമിയിലെത്തിയ സംഘം ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തുന്ന ആഫ്രിക്കന്‍ രാജ്യമായി മാറിയിരുന്നു. കാനഡ-മെക്‌സികോ-അമേരിക്ക എന്നിവിടങ്ങളിലായാണ് 2026 ലോകകപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ മല്‍സരത്തില്‍ നൈജറിനെതിരെ അഞ്ചുഗോളിനായിരുന്നു മൊറോക്കോയുടെ വിജയം. ഇതോടെ തങ്ങളുടെ ആറാം മല്‍സരവും ജയിച്ചാണ് മൊറോക്കോ അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടിയത്. ഗ്രൂപ്പ് 'ഇ'യില്‍ മൊറോകോക്ക് ഒരു മല്‍സരമാണ് ഇനി ശേഷിക്കുന്നത്. സാംബിയ, നൈജര്‍, താന്‍സാനിയ, കോംഗോ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് മൊറോക്കോ. മൊറോക്കോ തങ്ങളുടെ എട്ടാമത്തെ ലോകകപ്പിനാണ് യോഗ്യത നേടിയത്.

അഷ്‌റഫ് ഹകിമി, ഹകിം സിയച്, യാസിന്‍ ബോനോ ഉള്‍പ്പടെയുള്ള സംഘം ഖത്തറിലെ വിസ്മയം അമേരിക്കന്‍ ലോകകപ്പിലും ആവര്‍ത്തിക്കുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ ബെല്‍ജിയത്തെ പുറത്താക്കി ക്രൊയേഷ്യയെ രണ്ടാമതാക്കി ഗ്രൂപ്പ് ജേതാക്കളായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ സെപ്‌യിനിനെയും, ക്വാര്‍ട്ടറില്‍ പോര്‍ചുഗലിനെയും അട്ടിമറിച്ചായിരുന്നു മൊറോക്കോയുടെ കുതിപ്പ്. സെമിഫൈനലില്‍ ഫ്രാന്‍സിനു മുന്നില്‍ കീഴടങ്ങി.

കഴിഞ്ഞ ലോകകപ്പിനു യോഗ്യത ലഭിക്കാത്ത ഈജിപ്ത് ഇത്തവണ യോഗ്യതയ്ക്കരികെയാണുള്ളത്. ഒരു ജയത്തോടെ നേരിട്ട് യോഗ്യത നേടാം. അടുത്ത ലോകകപ്പില്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ താരം മൊഹമ്മദ് സലാഹ്.

Next Story

RELATED STORIES

Share it