Feature

വീണത് കഴിഞ്ഞ തവണ; ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ് ഹാര്‍ദ്ദിക്

തന്നെ ഇന്ത്യയുടെ ഒരു സ്‌ക്വാഡിലേക്കും പരിഗണിക്കരുത്.

വീണത് കഴിഞ്ഞ തവണ; ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ് ഹാര്‍ദ്ദിക്
X

ഹാര്‍ദ്ദിക് ഹിമാന്‍ഷു പാണ്ഡെ എന്ന ഗുജറാത്ത് ക്രിക്കറ്ററുടെ ഉദയവും അസ്തമയത്തിനും സാക്ഷിയായത് ഐപിഎല്‍ തന്നെയാണ്. വീണ്ടും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റതും തന്റെ ഹോം ഗ്രൗണ്ടില്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗിലെ ഈ സീസണിലെ കിരീടം ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. ഐപിഎല്ലിന്റെ കണ്ടെത്തലും ഐപിഎല്ലിന്റെ ഫ്‌ളോപ്പും ഐപിഎല്ലിന്റെ വിലമതിക്കാനാവത്ത താരവുമായ ഹാര്‍ദ്ദിക്കിന്റെ ഉയര്‍ച്ച താഴ്ചയിലൂടെ.


കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഫ്‌ളോപ്പായ താരമായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ഡെ. തുടര്‍ന്ന് ട്വന്റി-20 ലോകകപ്പിലും മോശം പ്രകടനം ആവര്‍ത്തിച്ചു. പിന്നീടുള്ള താരത്തിന്റെ ഇന്ത്യന്‍ ടീമിലെ സാന്നിധ്യം പുറത്തായിരുന്നു. പരിക്കിനെ തുടര്‍ന്ന് ബൗളിങ് ചെയ്യാനും ഹാര്‍ദ്ദിക്കിന് കഴിയില്ലായിരുന്നു. പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായി. തുടര്‍ന്ന് ന്യൂസിലന്റ് പര്യടനത്തില്‍ നിന്ന് പുറത്ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കെയാണ് ഹാര്‍ദ്ദിക്കിന്റെ ഞെട്ടിക്കുന്ന പ്രസ്താവന വരുന്നത്.

തന്നെ ഇന്ത്യയുടെ ഒരു സ്‌ക്വാഡിലേക്കും പരിഗണിക്കരുത്. ഫോമും ഫിറ്റ്‌നെസും പരിഗണിച്ചതിന് ശേഷം മാത്രം ടീമിലെടുക്കാമെന്നും താരത്തിന്റെ ആവശ്യം. തുടര്‍ന്ന് മാസങ്ങളോളം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം. തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ ഇടമില്ല. കൊവിഡിന് ശേഷം നടന്ന ഒരു പരമ്പരയിലും ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ക്ക് ടീമില്‍ സ്ഥാനമില്ല.

താരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമിലേക്ക് വെങ്കിടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരുടെ കടന്ന് വരവും. തുടര്‍ന്ന് ഹാര്‍ദ്ദിക്ക് ചിത്രത്തിലില്ല. പിന്നീടാണ് സിവിസി ഗ്രൂപ്പ് അഹ്മദാബാദ് ഫ്രാഞ്ചൈസിയുമായി (ഗുജറാത്ത് ടൈറ്റന്‍സ്) ഐപിഎല്ലിലേക്ക് കടന്നവരുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കൊണ്ട് മുംബൈ അവരുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറെ ആ സീസണില്‍ തന്നെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ സിവിസി ഗ്രൂപ്പ് ഹാര്‍ദ്ദിക്കിന്റെ കഴിവ് ഒരു മുഴും മുമ്പേ കണ്ടുപിടിച്ചിരുന്നു. ഒന്നും നോക്കാതെ നീണ്ട കാലം ഇന്ത്യന്‍ ടീമിന് പുറത്തുണ്ടായിരുന്ന ഹാര്‍ദ്ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഏവരെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് ഐപിഎല്‍ കിരീടം നേടി ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ വീണ്ടും ക്രിക്കറ്റ് ലോകം ഞെട്ടുകയായിരുന്നു.


തന്റെ ഓള്‍ റൗണ്ടര്‍ മികവ് ഹാര്‍ദ്ദിക് ഈ ഐപിഎല്ലിലൂടെ പുറത്തെടുത്തു. ബൗളിങിലും ബാറ്റിങിലും തിളങ്ങി. ഫൈനലില്‍ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റ് നേട്ടം. കൂടെ 34 റണ്‍സും. എല്ലാത്തിലുമുപരി എല്ലാ മല്‍സരങ്ങളിലും ഏറ്റവും മികച്ച ക്യാപ്റ്റനായി തിളങ്ങി. പരിചയസമ്പന്നരായ എട്ട് ടീമുകള്‍ക്കും ഒരു പുതിയ ടീമിനും ഒപ്പം വന്‍ ആധിപത്യം നേടി. തുടക്കം മുതലെ ഐപിഎല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടീമിനെ എല്ലാതരത്തിലും പ്രോല്‍സാഹിപ്പിക്കുന്ന കപ്പിത്താനായിരുന്നു ഹാര്‍ദ്ദിക്. കൂട്ടിന് ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ തേവാട്ടിയ, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍ തുടങ്ങിയ ഒരു പറ്റം സൂപ്പര്‍ താരനിരയും. തന്റെ ടീമാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് ഹാര്‍ദ്ദിക്ക് എപ്പോഴും പറയുന്നു. ടീമിന്റെ പിന്തുണയാണ് കിരീടനേട്ടത്തിന് പിന്നില്ലെന്നും താരം പറയുന്നു.

ഹാര്‍ദ്ദിക്കിന്റെ ഐപിഎല്ലിലെ പ്രകടനത്തെ തുടര്‍ന്ന് ഉടന്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് താരത്തിന് നറുക്ക് വീണു. ഇതിന് ശേഷം നടക്കുന്ന അയര്‍ലന്റ് പര്യടനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് ഹാര്‍ദ്ദിക്കിനെ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നത്. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ , റിഷഭ് പന്ത് എന്നീ താല്‍ക്കാലിക ക്യാപ്റ്റന്‍മാരെ പിന്തള്ളിയാണ് ഹാര്‍ദ്ദിക്ക് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്. മുന്‍ ക്യാപ്റ്റന്‍ കോഹ്‌ലി, നിലവിലെ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ എന്നിവരും ഈ ഐപിഎല്ലില്‍ ഫ്‌ളോപ്പായ താരങ്ങളാണ്. താല്‍ക്കാലിക ക്യാപ്റ്റന്‍ രാഹുലിനും ആ പദവിയില്‍ തിളങ്ങാനായില്ല. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യന്‍ എന്നാണ് മുന്‍കാല താരങ്ങള്‍ ഹാര്‍ദ്ദിക്കിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.


നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന ഹാര്‍ദ്ദിക്കിന്റെ വിവാദ പ്രസ്താവന മൂന്ന് വര്‍ഷം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയിലായിരുന്നു സഹതാരം കെ എല്‍ രാഹുലുമൊത്ത് വിവാദ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ബിസിസിഐ ചില മല്‍സരങ്ങളില്‍ വിലക്കും നല്‍കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് താരങ്ങള്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുതാരങ്ങളും കരിയറിലെ മികച്ച പ്രകടനം കൊണ്ട് വിവാദങ്ങള്‍ മായ്ച്ചുകളഞ്ഞു. തുടര്‍ന്നാണ് ഹാര്‍ദ്ദിക്ക് സെര്‍ബിയന്‍ നര്‍ത്തകി നതാഷാ സ്റ്റാന്‍കോവിച്ചിനെ ജീവിതസഖിയായി തിരഞ്ഞെടുത്തത്. ഇരുവര്‍ക്കും അഗസ്ത്യ എന്ന ഒരു മകനുണ്ട്.

കരിയറില്‍ വന്‍ ഉയര്‍ച്ചയും വന്‍ താഴ്ചയും ഒരു പോലെ നേരിട്ട താരമാണ് ഹാര്‍ദ്ദിക്ക്.വീണ്ടും ഫീനിക്‌സ് പക്ഷിയെ പോലെ തിരിച്ചുവരുന്ന ഹാര്‍ദ്ദിക്കിന്റെ താഴ്ചകള്‍ അദ്ദേഹത്തിന്റെ ഉയര്‍ച്ചകളിലേക്കുള്ള ചവിട്ട്പടികളാണ്. ലോകക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ വരുനാളുകളില്‍ ഹാര്‍ദ്ദിക്കും മുമ്പിലുണ്ടാവും.


Next Story

RELATED STORIES

Share it