Feature

ഐപിഎല്ലിന് ഇന്ന് കൊട്ടിക്കലാശം; കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും

ഐപിഎല്ലിന് ഇന്ന് കൊട്ടിക്കലാശം; കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും
X

അഹ്‌മദാബാദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിന് ഇന്ന് അവസാനം. അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് ഫൈനലില്‍ കൊമ്പുകോര്‍ക്കുക പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും. ഇരുവര്‍ക്കും ലക്ഷ്യം കന്നിക്കിരീടം. വിരാട് കോഹ് ലിയെന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഷെല്‍ഫില്‍ കുറവുള്ള ആ കിരീടം , അതാണ് ആര്‍സിബിയുടെ ലക്ഷ്യം. സ്വന്തം പ്രയ്തനം കൊണ്ട് ഒരു ടീമിനെ ഫൈനല്‍ വരെ എത്തിച്ച് കിരീടം മാത്രം ലക്ഷ്യം കണ്ട് വരുന്ന ശ്രേയസ് അയ്യര്‍. അയ്യരും കോഹ് ലിയും തമ്മിലുള്ള ഒരു പോരാട്ടമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനൊപ്പം കിരീടം നേടിയ അയ്യര്‍ക്ക് കപ്പില്‍ കുറഞ്ഞ ലക്ഷ്യങ്ങളുമില്ല.


തങ്ങളോടുതന്നെ കണക്കുകള്‍ ഏറെ തീര്‍ക്കാനുണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും പഞ്ചാബ് കിങ്‌സിനും. കയ്യലകലത്ത് മുമ്പ് കപ്പ് കൈവിട്ട ടീമുകളാണ് ഇരുവരും. 2014ലിലായിരുന്നു പഞ്ചാബിന്റെ മുന്‍ ഫൈനല്‍ പ്രവേശനം. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മുമ്പ് മൂന്നുവട്ടം ഫൈനല്‍ കളിച്ചിട്ടുള്ളവരാണ് ആര്‍സിബി. 2009ലെ രണ്ടാം ഐപിഎല്‍ എഡിഷനില്‍ തന്നെ ബാംഗ്ലൂര്‍ ടീം ഫൈനലിലെത്തി. എന്നാല്‍ അന്ന് ജൊഹന്നസ്ബര്‍ഗിലെ കിരീടപ്പോരാട്ടത്തില്‍ ആറ് റണ്‍സ് തോല്‍വിയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരാശരായി നാട്ടിലേക്ക് മടങ്ങി. അന്ന് ഫൈനലിലിറങ്ങിയ വിരാട് കോഹ്‌ലി ഇന്നും ആര്‍സിബിക്ക് ഒപ്പമുണ്ട്.

2011ലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചു. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു എതിരാളികള്‍. അന്ന് ചെന്നൈയുടെ 205 റണ്‍സിന് മുന്നില്‍ അടിപതറിയ ബാംഗ്ലൂര്‍ 58 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. 32 പന്തില്‍ 35 റണ്‍സെടുത്ത കോഹ്‌ലി അന്നും തലതാഴ്ത്തി ഡഗൗട്ടിലേക്ക് തിരികെ നടന്നു.


2016ലായിരുന്നു ആര്‍സിബിയുടെ മൂന്നാം ഫൈനല്‍. എതിരാളികളായി വന്നത് വാര്‍ണര്‍ കരുത്തില്‍ കുതിച്ചിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. വിരാട് കോഹ്‌ലി 973 റണ്‍സടിച്ചിട്ടും എബിഡി 687 റണ്‍സ് പേരിലാക്കിയിട്ടും ആ സീസണില്‍ ബാംഗ്ലൂരിന് കിരീടം കൈയകലത്തില്‍ അകന്നു. ഫൈനലിലെ കോഹ്‌ലിയുടെ ഫിഫ്റ്റിയും ടീമിനെ രക്ഷിച്ചില്ല, എട്ട് റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സിന്റെ വിജയം.

ഒരു ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നുണ്ട് വിരാട് കോലി. അത് എതിരാളികളും സമ്മതിക്കും. സമ്മോഹനമായ 18 ഐപിഎല്‍ സീസണുകള്‍ ആര്‍സിബിയുടെ കുപ്പായത്തില്‍ അവകാശപ്പെടാന്‍ കഴിയുന്ന കോഹ്‌ലിക്ക് കിരീടമുയര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ കാലവും ഇതുതന്നെ. കോഹ്‌ലിയാണേല്‍ 8 ഫിഫ്റ്റികള്‍ സഹിതം 614 റണ്‍സുമായി ഫോമിലും.


മല്‍സരത്തിന് മഴ ഭീഷണി

ഐപിഎല്‍ ഫൈനലിന് വേദിയാവുന്ന അഹമ്മദാബാദില്‍ ഇന്ന് ചെറിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ അല്‍പനേരം തടസ്സപ്പെടുത്തിയാലും മത്സരം പൂര്‍ത്തിയാക്കാന്‍ അധികമായി രണ്ട് മണിക്കൂര്‍ ലഭിക്കും. പൂര്‍ണമായും കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റും. റിസര്‍വ് ദിനത്തിലും ഫൈനല്‍ അസാധ്യമായാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്സ് ആയിരിക്കും ചാംപ്യന്‍മാര്‍. ലീഗ് ഘട്ടത്തില്‍ ഒന്‍പത് ജയം വീതം നേടിയ ആര്‍സിബിക്കും പഞ്ചാബിനും 19 പോയിന്റ് വീതമാണെങ്കിലും മികച്ച റണ്‍നിരക്കിലാണ് പഞ്ചാബ് ഒന്നാം സ്ഥാനത്ത് എത്തിയത്.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍ / യൂസ്വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.




Next Story

RELATED STORIES

Share it