Feature

ഇനി ഐപിഎല്‍ ഫീവര്‍; മുംബൈയില്‍ നാളെ മുതല്‍ ബാറ്റിങ് വെടിക്കെട്ട്

ആകെ 70 മല്‍സരങ്ങളാണുള്ളത്.

ഇനി ഐപിഎല്‍ ഫീവര്‍; മുംബൈയില്‍ നാളെ മുതല്‍ ബാറ്റിങ് വെടിക്കെട്ട്
X

ഇന്ത്യന്‍ മണ്ണില്‍ നാളെ മുതല്‍ ഐപിഎല്‍ പൂരം. 15ാം സീസണിന് തുടക്കമാവുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരങ്ങള്‍ക്കൊപ്പം ബാറ്റിങ്-ബൗളിങ് വിസ്മയം തീര്‍ക്കാന്‍ ലോകക്രിക്കറ്റിലെ പ്രമുഖരും ഒത്തുചേരുമ്പോള്‍ ഇനിയുള്ള രണ്ട് മാസങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷരാവുകള്‍. മുംബൈയിലെ പ്രധാനപ്പെട്ട മൂന്ന് വേദികളിലാണ് മല്‍സരം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാണികള്‍ക്കും പ്രവേശനം നല്‍കികൊണ്ടാണ് മേളയ്ക്ക് അരങ്ങൊരുങ്ങുന്നത്. 2020ലെ ഐപിഎല്‍ ദുബായിലും 2021ലെ ഐപിഎല്ലിന്റെ ആദ്യപാദം ഇന്ത്യയിലും രണ്ടാം പാദം ദുബയിലുമാണ് നടന്നത്.


നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റണ്ണേഴ്‌സ് അപ്പായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. മെയ്യ് 29നാണ് ഫൈനല്‍. പതിവില്‍ നിന്ന് വിപരീതമായി രണ്ട് ടീമുകള്‍ കൂടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. 10 ടീമുകളാണ് കിരീടത്തിനായി പോരാടുക. രണ്ട് ഗ്രൂപ്പുകളിലായി അഞ്ച് വീതം ടീമുകള്‍ ഏറ്റുമുട്ടും.ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ 70 മല്‍സരങ്ങളാണുള്ളത്.





മുംബൈയിലെ വാംഖഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ എന്നീ സ്റ്റേഡിയങ്ങളില്‍ 55 മല്‍സരങ്ങളും 15 മല്‍സരങ്ങള്‍ പൂനെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും. പ്ലേ ഓഫ് മല്‍സരങ്ങളുടെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫൈനല്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. ഭൂരിഭാഗം ടീമുകള്‍ക്കും ഇത്തവണ പുതിയ ക്യാപ്റ്റന്‍മാരുണ്ട്. പുതിയ ടീമുകളായ ലഖ്‌നൗ സൂപ്പര്‍ ഗെയ്ന്റസ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെയാണ് ആരാധകര്‍ ഇത്തവണ പ്രതീക്ഷയോടെ നോക്കികാണുന്നത്.


ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ഇറങ്ങുന്നത് പുതിയ ക്യാപ്റ്റനായ രവീന്ദ്ര ജഡേജയ്ക്ക് കീഴിലാണ്. മുംബൈ ഇന്ത്യന്‍സ് പതിവ് ക്യാപ്റ്റനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത്ത് ശര്‍മ്മയ്ക്ക് കീഴിലിറങ്ങും.


റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഇത്തവണ നയിക്കുക ദക്ഷിണാഫ്രിക്കന്‍ താരം ഫഫ് ഡുപ്ലിസ്സിസ് ആണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പതിവ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണ് കീഴില്‍ തന്നെ കളിക്കും. കെ എല്‍ രാഹുല്‍ പുതിയ ടീമിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് മായങ്ക് അഗര്‍വാളാണ് പഞ്ചാബ് കിങ്‌സിനെ നയിക്കുക.


പുതിയ ടീം ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സി വഹിക്കുക മുന്‍ മുംബൈ താരം ഹാര്‍ദ്ദിക്ക് പാണ്ഡെയാണ്. മറ്റൊരു പുതിയ ടീമായ ലഖ്‌നൗ സൂപ്പര്‍ ഗെയ്ന്റസ് ഇറങ്ങുക രാഹുലിന്റെ കീഴിലാണ്. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശ്രേയസ് അയ്യര്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനാണ്. മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിനെ മുന്നോട്ട് കൊണ്ടുപോകുക. ഡല്‍ഹി ക്യാപിറ്റല്‍സ് നിലവിലെ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ നേതൃത്വത്തില്‍ കളിക്കും.14 ദിവസങ്ങളില്‍ രണ്ട് മല്‍സരങ്ങളുണ്ട്. ആദ്യ മല്‍സരം 3.30നും രണ്ടാം മല്‍സരം 7.30നും ആരംഭിക്കും.




Next Story

RELATED STORIES

Share it