Feature

വിമര്‍ശകര്‍ക്ക് ക്രിസ്റ്റിയാനോയുടെ മറുപടി; ചരിത്ര നേട്ടവുമായി താരം

അതേ ക്രിസ്റ്റിയാനോ ഖത്തറില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് പുതിയ ചരിത്രം സൃഷ്ടിക്കാന്‍

വിമര്‍ശകര്‍ക്ക് ക്രിസ്റ്റിയാനോയുടെ മറുപടി; ചരിത്ര നേട്ടവുമായി താരം
X

ദോഹ: നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ലോക ഫുട്‌ബോളിലെ റെക്കോഡുകളുടെ കൂട്ടുകാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ രണ്ട് ദിവസം മുമ്പാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയത്. ക്ലബ്ബിനെതിരേ രംഗത്ത് വന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ടീമിലെ മോശം ഫോമിനെ തുടര്‍ന്ന് താരം ഈ സീസണിലെ യുനൈറ്റഡ് സ്‌ക്വാഡില്‍ പലപ്പോഴും ഇടം നേടിയില്ല. കോച്ച് എറിക് ടെന്‍ ഹാഗ് ക്രിസ്റ്റിയാനോയ്ക്ക് ബഹുമാനമില്ലെന്നും അഹങ്കാരമുണ്ടെന്നും വിലയിരുത്തി. ഇരുവരും തമ്മിലുള്ള ശീതളയുദ്ധത്തിന് ശേഷമായിരുന്നു റോണോയുടെ ക്ലബ്ബുമായുള്ള വഴിപിരിയല്‍.


യുനൈറ്റഡുമായുള്ള വേര്‍പിരിയില്‍ തന്റെ ലോകകപ്പ് പ്രകടനത്തെ ബാധിക്കില്ലെന്ന് അന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. പോര്‍ച്ചുഗലിനൊപ്പം സിആര്‍7 ആളിക്കത്തുമെന്ന് തന്നെയായിരുന്നു ഫുട്‌ബോള്‍ വിദഗ്ധരുടെയും നിഗമനം. അതേ തെറ്റിയില്ല. പ്രായം തളര്‍ത്താത്ത പോര്‍ച്ചുഗല്‍ കപ്പിത്താന്‍ തന്നെയായിരുന്നു ഇന്ന് ലോകകപ്പിലെ ഘാനയ്‌ക്കെതിരായ മല്‍സരത്തിലെ താരം. നിരവധി ഗോള്‍ അവസരങ്ങളും മുന്നേറ്റങ്ങളുമാണ് താരം നടത്തിയത്. റോണോ എന്ന ക്യാപ്റ്റന്റെ പാടവം തന്നെയാണ് പറങ്കികള്‍ ജയമൊരുക്കിയത്. തനിക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് റൊണാള്‍ഡോ കളിച്ചാണ് മറുപടി നല്‍കിയത്.

ഇന്ന് ഗോള്‍ നേടിയതോടെ തുടര്‍ച്ചയായ അഞ്ച് ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോഡാണ് മുന്‍ റയല്‍ ഇതിഹാസം നേടിയത്. റോണോയുടെ ഗോളുകളുടെ എണ്ണം ഇതോടെ എട്ടായി. ലോകകപ്പില്‍ എട്ട് ഗോള്‍ നേടിയ ഇതിഹാസം മറഡോണയുടെ റെക്കോഡിനൊപ്പവും താരമെത്തി. ലോകകപ്പ് ചരിത്രത്തില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. അതേ ക്രിസ്റ്റിയാനോ ഖത്തറില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് പുതിയ ചരിത്രം സൃഷ്ടിക്കാന്‍,









Next Story

RELATED STORIES

Share it