Feature

കോപ്പയില്‍ നാളെ മരണക്കളി; മാരക്കാനയില്‍ നെയ്മറോ മെസ്സിയോ

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മല്‍സരം.

കോപ്പയില്‍ നാളെ മരണക്കളി; മാരക്കാനയില്‍ നെയ്മറോ മെസ്സിയോ
X


മാരക്കാന: ലോക ഫുട്‌ബോളില്‍ ആരാധകര്‍ കാത്തിരിക്കുന്ന കോപ്പാ അമേരിക്കാ ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. ചിര വൈരികളായ ബ്രസീലും അര്‍ജന്റീനയും മാരക്കാന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മല്‍സരം. ഇരുടീമിനും ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളക്കരയും മല്‍സരത്തിനായി ഉണര്‍ന്നിരിക്കുമെന്നുറപ്പ്.


ബ്രസീല്‍-അര്‍ജന്റീനാ പോരാട്ടം മെസ്സിയും നെയ്മറും തമ്മിലുള്ള പോരാട്ടമായാണ് മാറുന്നത്. ബാഴ്‌സയിലെ ഉറ്റുസുഹൃത്തുക്കള്‍ ഇതിനോടകം വെല്ലുവിളികളുമായി രംഗത്ത് വന്നിട്ടുണ്ട്. ടീറ്റെയുടെ കീഴില്‍ മഞ്ഞപ്പട അപാര കുതിപ്പിലാണ്. സ്‌കലോണിയാവട്ടെ മെസ്സിയെ മുന്നില്‍ നിര്‍ത്തിയാണ് യുദ്ധത്തിനിറങ്ങുന്നത്. നിലവിലെ കിരീടം നിലനിര്‍ത്താന്‍ കാനറികള്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ഒരു കിരീടം നേടാനാണ് മെസ്സി പ്പടയിറങ്ങുന്നത്.കോപ്പയിലെ 15ാം കിരീടമാണ് അര്‍ജന്റീനയുടെ ലക്ഷ്യം. ബ്രസീലിന്റെ 10ാം കിരീടവും. കോപ്പയില്‍ ബ്രസീല്‍ 21 ഫൈനലുകളില്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീന 29 ഫൈനലുകളിലും ഇറങ്ങി. 2016ല്‍ ഫൈനലിലെത്തിയ അര്‍ജന്റീന ചിലിയോട് തോല്‍ക്കുകയായിരുന്നു.


കോപ്പയിലെ മൂന്ന് ഫൈനലുകളില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. 1991ല്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ 2004ലും 2007ലും ബ്രസീലിനായിരുന്നു ജയം. ഇരുവരും പരസ്പരം 111 തവണ നേരിട്ടപ്പോള്‍ 40 മല്‍സരത്തില്‍ അര്‍ജന്റീനയും 46 മല്‍സരത്തില്‍ ബ്രസീലും ജയിച്ചു. 25 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. അവസാനമായി 2019ല്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. നിലവില്‍ ഇരുടീമും വന്‍ ഫോമിലാണ്. ജയം പ്രവചനാധീതം. എന്നാല്‍ താരസമ്പന്നതകൊണ്ട് ബ്രസീലിന് മുന്‍തൂക്കം ലഭിക്കുന്നു. ഗോളടിക്കാന്‍ ഏവരും മിടുക്കര്‍. അര്‍ജന്റീനയ്ക്ക് മെസ്സിയും മാര്‍ട്ടിനെന്‍സുമാണ് പ്രതീക്ഷ. ഡി മരിയ, അഗ്വേറ, ഗോണ്‍സാലസ് എന്നിവരില്‍ ആരാവും ആദ്യ ഇലവനില്‍ കളിക്കുമോ എന്ന് കണ്ടറിയാം. ബ്രസീല്‍ പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും മാര്‍ക്വിനോസ് ഇറങ്ങിയേക്കും. അര്‍ജന്റീനയുടെ വല വിശ്വസ്തനായ എമിലിയാനോ മാര്‍ട്ടിനസ് കാക്കുമ്പോള്‍ ബ്രസീലിനായി എഡേഴ്‌സണ്‍ ഇറങ്ങും.




Next Story

RELATED STORIES

Share it