Cricket

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക പീഡന പരാതിയുമായി 11 യുവതികള്‍

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക പീഡന പരാതിയുമായി 11 യുവതികള്‍
X

ഗയാന: നിലവില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായ സൂപ്പര്‍ താരത്തിനെതിരേ ലൈംഗിക പീഡന പരാതിയുമായി യുവതികള്‍. താരം ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം 11 യുവതികളാണ് രംഗത്തെത്തിയിട്ടുള്ളത്. താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന വിന്‍ഡീസ് ടീമില്‍ ഇയാള്‍ അംഗമായിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗയാനയില്‍ നിന്നുള്ള താരമാണ് ഇയാളെന്നാണ് വിവരം. അതേസമയം പീഡനാരോപണങ്ങള്‍ മറച്ചുവെയ്ക്കാന്‍ പ്രാദേശിക അധികൃതര്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കരീബിയനിലെ ഒരു മാധ്യമത്തിലാണ് പീഡന വാര്‍ത്തകള്‍ ആദ്യം വരുന്നത്. ഗയാനയില്‍ നിന്നുള്ള കൈറ്റൂര്‍ ന്യൂസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗയാനയില്‍നിന്നുള്ള താരമാണ് ആരോപണവിധേയനെന്നതും റിപ്പോര്‍ട്ട് ചെയ്തത് കൈറ്റൂര്‍ ന്യൂസാണ്. അടുത്തിടെ ഗയാന പോലിസില്‍ പീഡന വിവരം റിപ്പോര്‍ട്ട് ചെയ്ത യുവതി ഔദ്യോഗിക ചോദ്യം ചെയ്യലിനിടെ അസ്വസ്ഥയായി ആശുപത്രിയിലായ സംഭവവും ഉണ്ടായി.

ഗയാനയിലെ ബെര്‍ബീസിലുള്ള 18-കാരിയായ യുവതിയാണ് താരത്തിനെതിരേ ആദ്യം പരാതി നല്‍കിയത്. 2023 മാര്‍ച്ച് മൂന്നിന് ബെര്‍ബീസിലെ ന്യൂ ആംസ്റ്റര്‍ഡാമിലുള്ള വീട്ടില്‍ വെച്ച് താരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലുള്ളത്. ഈ കുടുംബവുമായി പരിചയത്തിലുള്ളയാളാണ് താരം. ഇയാള്‍ ജോലി സ്ഥലത്തുനിന്നും യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അവിടെ ധാരാളം പുരുഷന്‍മാര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് യുവതിയെ ഇയാള്‍ വീടിന്റെ മുകള്‍നിലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തന്റെ മകള്‍, പ്രതിയെ വിശ്വസിച്ചിരുന്നുവെന്നും സംഭവത്തിനുശേഷം അവള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ഒരു യുവതി രണ്ടു വര്‍ഷം മുമ്പ് താരത്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് കേസിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്ന് യുവതികളുടെ അഭിഭാഷകരില്‍ ഒരാള്‍ പറഞ്ഞു. വിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരേ കൈറ്റൂര്‍ ന്യൂസിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നിരവധി സ്ത്രീകള്‍ സമാന ആരോപണങ്ങളുമായി രംഗത്തെത്തിയത്. സ്‌ക്രീന്‍ഷോട്ടുകള്‍, സന്ദേശങ്ങള്‍, വോയ്‌സ് നോട്ടുകള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ കേസിനെ പിന്തുണയ്ക്കുന്ന തെളിവുകളും നിരവധി യുവതികള്‍ പോലിസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.





Next Story

RELATED STORIES

Share it