Cricket

രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ കേരളം 24.5 ഓവറില്‍ 91 റണ്‍സിന് പുറത്താവുകയായിരുന്നു.

രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി
X

കൃഷ്ണഗിരി: രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേ കേരളത്തിന് ദയനീയ തോല്‍വി. കരുത്തരായ വിദര്‍ഭയോട് 11 റണ്‍സിനും ഇന്നിങ്‌സിനുമാണ് കേരളം കീഴടങ്ങിയത്. ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ മാസ്മരിക ബൗളിങാണ് വിദര്‍ഭയ്ക്ക് അനായാസ ജയം ഒരുക്കിക്കൊടുത്തത്. 102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ കേരളം 24.5 ഓവറില്‍ 91 റണ്‍സിന് പുറത്താവുകയായിരുന്നു. 59ന് ഒന്ന് എന്ന നിലയില്‍ കേരളം മികച്ച നിലയിലായിരുന്നു. എന്നാല്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിന് ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവും നാല് വിക്കറ്റെടുത്ത ഠാക്കൂറുമാണ് കേരളത്തിന്റെ വിജയ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സുകളിലുമായി യാദവ് 12 വിക്കറ്റ് നേടി. കളിയിലെ താരം യാദവാണ്.

അരുണ്‍ കാര്‍ത്തിക്ക്(32),സിജോമോന്‍ ജോസഫ്, വിഷ്ണു വിനോദ് എന്നിവര്‍ക്ക് മാത്രമാണ് കേരളാ നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്.

കഴിഞ്ഞ തവണ ക്വാര്‍ട്ടറിലാണ് കേരളത്തിന്റെ സ്വപ്‌നങ്ങള്‍ വിദര്‍ഭയോടു തകര്‍ന്നതെങ്കില്‍ ഇത്തവണ അത് സെമിയില്‍ സംഭവിച്ചു. ഒന്നാം ഇന്നിങ്‌സിലെന്ന പോലെ രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ചയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ താരം ഉമേഷ് യാദവ് തന്നെയാണ് ഇത്തവണയും കേരളത്തിന് തിരിച്ചടി നല്‍കിയത്.

നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ചുവിക്കറ്റെടുത്ത സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് വിദര്‍ഭയെ ചുരുട്ടിക്കെട്ടിയത്. രണ്ടാംദിനമായ ഇന്ന് 171/5 എന്ന നിലയിലാണ് വിദര്‍ഭ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബേസില്‍ തമ്പി വിദര്‍ഭയുടെ രണ്ടു വിക്കറ്റ് വീഴ്ത്തി. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ സന്ദീപ് വാര്യരും വീഴ്ത്തി വിദര്‍ഭയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേരളം ഒന്നാം ഇന്നിങ്‌സ് 106 റണ്‍സെടുത്ത് പുറത്തായിരുന്നു. ഉമേഷ് യാദവിന്റെ ബൗളിങാണ് കേരളത്തിന് ഇന്നലെയും പ്രഹരമേല്‍പ്പിച്ചത്. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച വിദര്‍ഭ അഞ്ചിന് 171 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇന്ന് ശേഷിക്കുന്ന അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി കേരളം വിദര്‍ഭയെ 208ന് പുറത്താക്കുകയായിരുന്നു. ഫൈനല്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കിലും ചരിത്രത്തില്‍ ആദ്യമായി സെമി ബെര്‍ത്ത്് നേടിയത് രഞ്ജിയിലെ കേരളത്തിന്റെ മറ്റൊരു നാഴികകല്ലായി. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരാണ് വിദര്‍ഭ.

സ്‌കോര്‍

കേരളം 106, 91

വിദര്‍ഭ 208

Next Story

RELATED STORIES

Share it