Cricket

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം വൈഭവ് സൂര്യവന്‍ശിക്ക്

രാജ്യം നല്‍കുന്ന ഏറ്റവും വലിയ ബാലപുരസ്‌കാരമാണ് 14 കാരന് ലഭിച്ചത്

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം വൈഭവ് സൂര്യവന്‍ശിക്ക്
X

ന്യൂഡല്‍ഹി: കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവന്‍ശിക്ക് 'പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം' സമ്മാനിച്ചു. കായിക മേഖലയിലെ അസാധാരണമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് 14 കാരനായ വൈഭവിനെ ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. രാജ്യം നല്‍കുന്ന ഏറ്റവും വലിയ ബാലപുരസ്‌കാരമാണ് 'പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം'. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരം ബിഹാര്‍ സ്വദേശി വൈഭവ് സൂര്യവന്‍ശിക്ക് സമ്മാനിച്ചു. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ നേട്ടം ബിഹാറിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ വൈഭവ് നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ഈ നേട്ടത്തിലേക്ക് വഴിതുറന്നത്. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരേ വെറും 84 പന്തില്‍ നിന്ന് 190 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവിന്റെ പ്രകടനം ലോക ശ്രദ്ധ നേടിയിരുന്നു. ആ ഇന്നിങ്്സില്‍ 36 പന്തില്‍ സെഞ്ചറി തികച്ച താരം, ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. കൂടാതെ എ ബി ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ടായിരുന്ന അതിവേഗ 150 റണ്‍സിന്റെ റെക്കോര്‍ഡും(54 പന്തില്‍) 14 കാരന്‍ തിരുത്തിക്കുറിച്ചു. പുരസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ മണിപ്പൂരിനെതിരായ ബിഹാറിന്റെ മല്‍സരം വൈഭവിന് നഷ്ടമായി.

Next Story

RELATED STORIES

Share it