Cricket

ടീമില്‍ സ്ഥാനമില്ല; പുതുച്ചേരി അണ്ടര്‍-19 കോച്ചിനെ തല്ലി തോളെല്ലൊടിച്ചു താരങ്ങള്‍, ബിസിസിഐ അന്വേഷിക്കും

ടീമില്‍ സ്ഥാനമില്ല; പുതുച്ചേരി അണ്ടര്‍-19 കോച്ചിനെ തല്ലി തോളെല്ലൊടിച്ചു താരങ്ങള്‍, ബിസിസിഐ അന്വേഷിക്കും
X

മുംബൈ: സയിദ്ദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പുതുച്ചേരി ടീമില്‍ ഇടം കിട്ടാത്തതിനെ തുടര്‍ന്ന് അണ്ടര്‍19 കോച്ച് എസ് വെങ്കിട്ടരാമനെ മൂന്ന് താരങ്ങള്‍ മര്‍ദിച്ച് മൃതപ്രായനാക്കി ഉപേക്ഷിച്ചെന്ന് പരാതി. മുതിര്‍ന്ന താരമായ കാര്‍ത്തികേയന്‍ ജയസുന്ദരം, ഫസ്റ്റ് ക്ലാസ് താരങ്ങളായ അരവിന്ദ്‌രാജ്, സന്തോഷ് കുമാരന്‍ എന്നിവരാണ് വെങ്കിട്ടരാമനെ അടിച്ച് തോളെല്ല് പൊട്ടിച്ചത്. പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

'മര്‍ദനത്തില്‍ വെങ്കിട്ടരാമന്റെ തലയില്‍ 20 സ്റ്റിച്ചുകളുണ്ട്. തോളെല്ലും പൊട്ടി. നെറ്റിയിലാണ് തുന്നലുകളത്രയുമുള്ളതെന്നും വെങ്കിട്ടരാമന്റെ ആരോഗ്യനില തൃപ്തികര'മാണെന്നും സെദാരപേട്ട് എസ്‌ഐ എസ്.രാജേഷ് അറിയിച്ചു. സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

'അരവിന്ദരാജ് തന്നെ പിടിച്ചുവച്ചുവെന്നും കാര്‍ത്തികേയന്‍ ബാറ്റുമായി എത്തിയെന്നും സന്തോഷ് കുമാരന്‍ തന്നെ കൊല്ലുമെന്ന് പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങി'യെന്നും വെങ്കിട്ടരാമന്‍ മൊഴി നല്‍കി. തന്നെ കൊന്നാല്‍ മാത്രമേ ടീമില്‍ ഇടം കിട്ടുകയുള്ളൂവെന്ന് ചന്ദ്രന്‍ പറഞ്ഞുവെന്ന് താരങ്ങള്‍ പറഞ്ഞുവെന്നും മൊഴിയിലുണ്ട്. എന്നാല്‍ വെങ്കിട്ടരാമന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഭാരതിദാസന്‍ പോണ്ടിച്ചേരി ക്രിക്കറ്റേഴ്‌സ് ഫോറം പ്രസിഡന്റ് സെന്തില്‍ കുമാരന്‍ പറഞ്ഞു. 'വെങ്കിട്ടരാമനെതിരെ ഒന്നിലേറെ കേസുകളുണ്ട്. കളിക്കാരോട് വളരെ മോശമായാണ് വെങ്കിട്ടരാമന്‍ പെരുമാറുന്നത്. അസഭ്യവാക്കുകളാണ് അവരെ വിളിക്കുന്നത്.. പിന്നെ ചന്ദ്രനോട് ദീര്‍ഘകാലമായി വെങ്കിട്ടരാമന് ശത്രുതയുണ്ടെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറത്തുനിന്നുവരുന്നവര്‍ക്കായി പുതുച്ചേരിക്കാരെ തഴയുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് കേസ് പുറത്തുവരുന്നത്. 2021 മുതല്‍ ഇതുവരെ ആകെ പുതുച്ചേരി സ്വദേശികളായ അഞ്ചുപേര്‍ മാത്രമാണ് രഞ്ജിയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുള്ളതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിലവിലെ സ്ഥിതഗതികളും ഗൗരവമുള്ളതാണെന്നും ബിസിസിഐ അന്വേഷണം നടത്തുമെന്നും സെക്രട്ടറി ദേവജിത് സാക്കിയ വ്യക്തമാക്കി.



Next Story

RELATED STORIES

Share it