Cricket

ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണെ വരവേറ്റ് കേരളം

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരാധകരും മന്ത്രിമാരും ചേര്‍ന്ന് ഗംഭീര വരവേല്‍പ്പ്

ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണെ വരവേറ്റ് കേരളം
X

തിരുവനന്തപുരം: ടി20 ലോകകപ്പിലെ ഹീറോ മലയാളി താരം സഞ്ജു സാംസണ്‍ കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഇന്ത്യന്‍ ഓപ്പണരെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സഞ്ജുവിനെ സ്വീകരിച്ചു. എ എ റഹീം എംപിയടക്കമുള്ളവരും വിമാനത്താവളത്തിലെത്തി സഞ്ജുവിനെ സ്വാഗതം ചെയ്തു. ഒട്ടേറെപ്പേര്‍ സഞ്ജുവിനെ കാണാനായി തിരുവനന്തപുരത്തെത്തി. ചേട്ടനെന്ന് വിളിച്ച് ആരാധകര്‍ അവരുടെ പ്രിയതാരത്തെ വരവേറ്റു. എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് സഞ്ജു വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്. സഞ്ജുവിന് ഔദ്യോഗിക സ്വീകരണമൊരുക്കുമെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു.

നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. നിങ്ങളെല്ലാവും വലിയ രീതിയില്‍ പിന്തുണച്ചുവെന്നും സഞ്ജു പറഞ്ഞു. ലോകകപ്പിലെ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് 321 റണ്‍സ് നേടിയ പ്രകടനമാണ് സഞ്ജുവിനെ ടൂര്‍ണമെന്റിന്റെ താരമാക്കിയത്. 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററാണ്. വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മല്‍സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലുമെല്ലാം നിര്‍ണായകമായത് സഞ്ജുവിന്റെ ഇന്നിങ്സുകളായിരുന്നു.

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ മാത്രം നമീബിയക്കെതിരേ അവസരം ലഭിച്ച സഞ്ജുവിന് പിന്നീടുള്ള മല്‍സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമി സാധ്യതകള്‍ തുലാസിലായതോടെയാണ് സഞ്ജുവിനെ വീണ്ടും ഓപ്പണറായി പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് തയാറായത്. സിംബാബ്‌വെക്കിതെരായ മല്‍സരത്തില്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് ടീമിന് നല്ല തുടക്കമിട്ട സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ടീമിന് സെമിയിലെത്തിച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ 42 പന്തില്‍ 89 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി ടോപ് സ്‌കോററായ സഞ്ജു ഫൈനലില്‍ 44 പന്തില്‍ 89 റണ്‍സെടുത്ത് തുടര്‍ച്ചയായ മൂന്ന് മാച്ച് വിന്നിങ് ഇന്നിങ്‌സുകളോടെ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Next Story

RELATED STORIES

Share it