Cricket

ഐപിഎല്‍ മിനി താര ലേലത്തിന് പര്യവസാനം; കാമറൂണ്‍ ഗ്രീനിന് റെക്കോഡ് തുക, കാര്‍ത്തിക് ശര്‍മയ്ക്കും പ്രശാന്ത് വീറിനും 14 കോടി

ഐപിഎല്‍ മിനി താര ലേലത്തിന് പര്യവസാനം; കാമറൂണ്‍ ഗ്രീനിന് റെക്കോഡ് തുക, കാര്‍ത്തിക് ശര്‍മയ്ക്കും പ്രശാന്ത് വീറിനും 14 കോടി
X

ദുബായ്: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി നടന്ന മിനി ലേലത്തിന് പര്യവസാനം. പത്ത് ഫ്രാഞ്ചൈസികള്‍ 77 താരങ്ങളെ സ്വന്തമാക്കി. അതോടെ ടീമുകള്‍ 25 അംഗ സ്‌ക്വാഡും പൂര്‍ത്തിയാക്കി. ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ താരങ്ങളെ പൊന്നുംവിലകൊടുത്താണ് റാഞ്ചിയത്.

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റെക്കോഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 25.20 കോടി രൂപയാണ് കൊല്‍ക്കത്ത മുടക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. അണ്‍ക്യാപ്ഡ് താരങ്ങളായ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നിവരെ ചെന്നൈയും റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി. രണ്ട് താരങ്ങള്‍ക്കും 14.20 കോടി വീതം മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തട്ടകത്തിലെത്തിച്ചത്. ഐപിഎല്‍ ലേലത്തിലെ അണ്‍ക്യാപ്ഡ് താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ലങ്കന്‍ പേസര്‍ മതീഷ പതിരണയെ 18 കോടിക്കും ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ 9.20 കോടിക്കും കൊല്‍ക്കത്ത റാഞ്ചി. ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണിനെ 13 കോടിക്ക് ഹൈദരാബാദ് തട്ടകത്തിലെത്തിച്ചു. ഓസീസ് താരം ജോഷ് ഇംഗ്ലിസിനെ 8.60 കോടിക്ക് ലഖ്നൗവും ജേസണ്‍ ഹോള്‍ഡറെ 7 കോടിക്ക് ഗുജറാത്തും ടീമിലെത്തിച്ചു.

ഇക്കുറി കൊല്‍ക്കത്ത നിലനിര്‍ത്താതിരുന്ന വെങ്കടേഷ് അയ്യര്‍ 7 കോടിക്ക് ആര്‍സിബിയിലെത്തി. രവി ബിഷ്ണോയിയെ 7.20 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. ആദ്യ റൗണ്ടില്‍ ആരും വിളിക്കാതിരുന്ന ഇന്ത്യന്‍ ബാറ്റര്‍ പൃഥ്വി ഷായെ അവസാനഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ആകെ 215 കോടി രൂപയോളമാണ് ടീമുകള്‍ മുടക്കിയത്.




Next Story

RELATED STORIES

Share it