Cricket

സിംഹള വീര്യം; ഇന്ത്യയെ ഏഷ്യാകപ്പില്‍ നിന്ന് പുറത്താക്കി ലങ്കന്‍പട

നിസന്‍ങ്കയും (52) കുസാല്‍ മെന്‍ഡിസും (57) തകര്‍പ്പന്‍ തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്.

സിംഹള വീര്യം; ഇന്ത്യയെ ഏഷ്യാകപ്പില്‍ നിന്ന് പുറത്താക്കി ലങ്കന്‍പട
X



ദുബായ്: ഏഷ്യാ കപ്പില്‍ നിന്ന് ടീം ഇന്ത്യയെ പുറത്താക്കി ശ്രീലങ്ക. സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് മുന്‍ ഏഷ്യന്‍ ശക്തികളുടെ ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മല്‍സരത്തില്‍ ഒരു പന്ത് ശേഷിക്കെയാണ് ശ്രീലങ്കയുടെ ജയം. അവസാന ഓവറുകളില്‍ നിലയുറപ്പിച്ച രജപക്‌സെ (17 പന്തില്‍ 25), ഷനക (18 പന്തില്‍ 33) എന്നിവരാണ് ലങ്കന്‍ ജയം എളുപ്പമാക്കിയത്. കൈയ്യെത്തും ദൂരത്താണ് ഇന്ത്യ ജയം കൈവിട്ടത്. ഡെത്ത് ഓവറില്‍ രക്ഷകനാവാന്‍ പറ്റിയ ഒരു ബൗളര്‍ ഇല്ലാത്തതും ഇന്ത്യയ്ക്ക് വിനയായി.




നിസന്‍ങ്കയും (52) കുസാല്‍ മെന്‍ഡിസും (57) തകര്‍പ്പന്‍ തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്. 37 പന്തില്‍ നിസന്‍ങ്ക 52 ഉം മെന്‍ഡിസ് അത്രയും പന്തില്‍ 57ഉം റണ്‍സെടുത്തു. ഇരുവരുടെയും വിക്കറ്റ് ചാഹലിനാണ്. അസലങ്ക(0), ഗുണതിലക (0) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ചാഹല്‍ മൂന്ന് വിക്കറ്റ് നേടി.അര്‍ഷദീപ് സിങ് 40 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ടീമില്‍ തിരിച്ചെത്തിയ അശ്വിന്‍ ഒരു വിക്കറ്റ് നേടി.


ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് രക്ഷയായത്. 41 പന്തില്‍ താരം 72 റണ്‍സ് നേടി. കെ എല്‍ രാഹുലിന് (6) ഇന്ന് ഫോം കണ്ടെത്താനായില്ല. കോഹ്‌ലി ഇന്ന് ഗോള്‍ഡന്‍ ഡക്കായി. 29 പന്തില്‍ 34 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സും ഇന്ത്യയ്ക്ക് തുണയായി. ഹാര്‍ദ്ദിക്ക് പാണ്ഡെ(17), ഋഷഭ് പന്ത് (17), ദീപക് ഹൂഡ(3) എന്നിവര്‍ക്കും കാര്യമായ ബാറ്റിങ് കാഴ്ചവയ്ക്കാനായില്ല. ഏഴ് പന്തില്‍ 15 റണ്‍സെടുത്ത് അശ്വിന്‍ തിളങ്ങി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റണ്‍സ് നേടിയത്. ലോകു മരക്കലഗെ മൂന്നും കരുണരത്‌നെ, ഷനക എന്നിവര്‍ ശ്രീലങ്കയ്ക്കായി രണ്ട് വീതം വിക്കറ്റും നേടി.





Next Story

RELATED STORIES

Share it