Cricket

മുന്‍ ഓസീസ് ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് സ്വകാര്യചാനല്‍ കമന്‍ഡേറ്റര്‍ സംഘത്തിനൊപ്പം മുംബൈയില്‍ പ്രവര്‍ത്തിച്ചുവരവെയാണ് അന്ത്യം സംഭവിച്ചത്.

മുന്‍ ഓസീസ് ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
X

മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്‍ഡേറ്ററുമായ ഡീന്‍ ജോണ്‍സ് (59) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് സ്വകാര്യചാനല്‍ കമന്‍ഡേറ്റര്‍ സംഘത്തിനൊപ്പം മുംബൈയില്‍ പ്രവര്‍ത്തിച്ചുവരവെയാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ബ്രെറ്റ് ലീ, കമന്‍ഡേറ്റര്‍ നിഖില്‍ ചോപ്ര എന്നിവര്‍ക്കൊപ്പം ജോണ്‍സ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയ്ക്കുശേഷം ഇവര്‍ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയില്‍വച്ച് ജോണ്‍സിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബ്രെറ്റ് ലീ അദ്ദേഹത്തിന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

1984 ജനുവരി 30ന് അഡ്ലെയ്ഡില്‍ പാകിസ്താനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇതേവര്‍ഷം മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1984 നും 1992 നും ഇടയില്‍ എട്ടുവര്‍ഷക്കാലം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറില്‍ ഓസ്‌ട്രേലിയക്കായി ജോണ്‍സ് 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റുകളില്‍നിന്ന് 46.55 ശരാശരിയില്‍ അദ്ദേഹം 3,631 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 11 സെഞ്ചുറിയും ഒരു ഇരട്ടസെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയുമാണ് ജോണ്‍സിന്റെ അക്കൗണ്ടിലുള്ളത്.

1986 ല്‍ ഇന്ത്യക്കെതിരെയായിരുന്നു ജോണ്‍സിന്റെ ഡബിള്‍. 44.61 ശരാശരിയില്‍ 6,068 റണ്‍സ് ആണ് ഏകദിന സമ്പാദ്യം. ഏകദിനത്തില്‍ ഏഴ് സെഞ്ചുറിയും 46 അര്‍ധസെഞ്ചുറിയും അടിച്ച ജോണ്‍സ് 1987 ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമില്‍ അംഗവുമായിരുന്നു. 245 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍നിന്ന് 51.85 ശരാശരിയില്‍ 19,188 റണ്‍സ് നേടി. ഇതില്‍ 55 സെഞ്ചുറികളും 88 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 1994 ഏപ്രില്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണില്‍ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങി. അതിനും രണ്ടുവര്‍ഷം മുമ്പ് 1992 സപ്തംബറില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.

ജോണ്‍സ് 245 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 51.85 ശരാശരിയില്‍ 55 സെഞ്ച്വറികളും 88 അര്‍ധസെഞ്ചുറികളും അടക്കം 19,188 റണ്‍സും നേടിയിട്ടുണ്ട്. ഡീന്‍ ജോണ്‍സ് അന്തരിച്ച വാര്‍ത്ത ഞങ്ങളെ വളരെ ദു:ഖത്തിലാഴ്ത്തിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പെട്ടെന്നുള്ള ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അനുശോചനം അറിയിക്കുകയും എല്ലാ പിന്തുണയും നല്‍കുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it