Cricket

ബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന് സെഞ്ചുറി, പന്തിനും രാഹുലിനും അര്‍ദ്ധസെഞ്ചുറി

ബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന് സെഞ്ചുറി, പന്തിനും രാഹുലിനും അര്‍ദ്ധസെഞ്ചുറി
X

ബര്‍മിങ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. നാലാം ദിനം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സടിച്ച ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 162 പന്തില്‍ 161 റണ്‍സടിച്ചു. 13 ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്.

ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിഷഭ് പന്ത് 58 പന്തില്‍ 65ഉം കെ എല്‍ രാഹുല്‍ 85 പന്തില്‍ 55ഉം റണ്‍സെടുത്തു. കരുണ്‍ നായര്‍(26) യശസ്വി ജയ്‌ല്വാള്‍(28) നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദര്‍(12) ജഡേജക്കൊപ്പം പുറത്താകാതെ നിന്നു. 64-1എന്ന സ്‌കോറില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായാ നാലാമനായി ക്രീസിലെത്തി ഗില്‍ 129 പന്തിലാണ് ടെസ്റ്റിലെ എട്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം തകര്‍ത്തടിച്ച ഗില്‍ പിന്നീട് 33 പന്തില്‍ 60 റണ്‍സ് കൂടി നേടി ഇന്ത്യയുടെ ലീഡുയര്‍ത്തി.

ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്‌കര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. സെഞ്ചുറി നേടിയതോടെ ഒരു ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതരെ 344 റണ്‍സടിച്ച ഗവാസ്‌കറുടെ റെക്കോര്‍ഡാണ് 430 റണ്‍സെടുത്ത് ഗില്‍ പുതുക്കി എഴുതിയത്.




Next Story

RELATED STORIES

Share it