Cricket

ബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉത്തരവ്; പോലിസ് വകുപ്പില്‍ കൂട്ട സസ്‌പെന്‍ഷന്‍

ബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉത്തരവ്; പോലിസ് വകുപ്പില്‍ കൂട്ട സസ്‌പെന്‍ഷന്‍
X

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുന്നില്‍ തിക്കിലുംതിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കടുത്ത നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സ്ഥാനത്ത്നിന്ന് തെറിപ്പിക്കുകയും സംഭത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഭാരവാഹികളെയടക്കം അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സിറ്റി പോലിസ് കമ്മിഷണര്‍ ബി.ദയാനന്ദ, അഡീഷണല്‍ കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, എസിപി, കബ്ബന്‍ പാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

വിരമിച്ച ഹൈക്കോടതി ജഡ്ജി മൈക്കിള്‍ ഡി.കുന്‍ഹ ചെയര്‍മാനായുള്ള കമ്മിഷന്‍ ദുരന്തത്തില്‍ അന്വേഷണം നടത്തും. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പ്രതിനിധികള്‍, ഡിഎന്‍എ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജര്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ അറസ്റ്റ് ചെയ്യാനും തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ദുരന്തത്തില്‍ പോലിസിനെ കുറ്റപ്പെടുത്താന്‍ ആകില്ലെന്നായിരുന്നു നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കടുത്ത നടപടികളിലേക്കും ജുഡീഷ്യല്‍ അന്വേഷണത്തിലേക്കും കടന്നത്.

സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ദുരന്തത്തിന്റെ കാരണം വ്യക്തമാക്കാനാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയ്ക്കകം തത്സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആര്‍സിബി ഭാരവാഹികള്‍ക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ക്കുമെതിരെ നേരത്തെ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.





Next Story

RELATED STORIES

Share it