Cricket

വനിതാ ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്ന് അനായ ബംഗാര്‍

വനിതാ ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്ന്  അനായ ബംഗാര്‍
X

മുംബൈ: വനിതാ ക്രിക്കറ്റിന്റെ ഭാഗമാകുന്നതിന് അവകാശവാദം ഉന്നയിച്ച്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അനായ ബംഗാര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചര്‍ച്ചയാകുന്നു. ട്രാന്‍സ്വുമണായ ശേഷമുള്ള ശാസ്ത്രീയ പരിശോധനാ ഫലം പരസ്യമായി പങ്കുവച്ചാണ്, വനിതാ ക്രിക്കറ്റിന്റെ ഭാഗമാകുന്നതിനുള്ള അവകാശവാദം കഴിഞ്ഞ ദിവസം അനായ ബംഗാര്‍ ഉന്നയിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് അനായ ബംഗാറിന്റെ ആവശ്യം.

ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ല, സത്യം വെളിപ്പെടുത്താനാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പരിശോധനാ ഫലവും പുറത്തുവിട്ടത്. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍, കഴിഞ്ഞ വര്‍ഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. തുടര്‍ന്ന് അനായ ബംഗാര്‍ എന്ന പേരു സ്വീകരിച്ച താരം, യുകെയിലാണ് താമസം. മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു.

ബിസിസിഐയെയും ഐസിസിയെയും അഭിസംബോധന ചെയ്താണ് അനായയുടെ കുറിപ്പ് ആരംഭിക്കുന്നത്. ''എന്റെ പേര് അനായ ബംഗാര്‍. ഞാന്‍ മുന്‍ പ്രഫഷനല്‍ ക്രിക്കറ്റ് താരവും ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയുമാണ്. ഹോര്‍മോണ്‍ തെറപ്പി ഒരു കായിക താരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിശദീകരിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയയാവുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ആളുകളില്‍ ഒരാളുമാണ്.'

'ഇക്കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട് (യുകെ) നടത്തിയ എട്ട് ആഴ്ച നീണ്ട ഗവേഷണ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഹോര്‍മോണ്‍ തെറാപ്പി എന്റെ കരുത്ത്, സ്റ്റാമിന, ഹീമോഗ്ലോബിന്‍, ഗ്ലൂക്കോസ് ലെവല്‍ എന്നിവയിലും എന്റെ ആകെ ശാരീരിക ശേഷിയിലും എപ്രകാരം മാറ്റം വരുത്തി എന്ന് വിലയിരുത്തുകയും അതിനെ വനിതാ കായിക താരങ്ങളുടേതുമായി താരതമ്യപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം' അനായ കുറിച്ചു.

തുടര്‍ന്ന് പരിശോധനയില്‍നിന്ന് കണ്ടെത്തിയ കാര്യങ്ങളും അവര്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. തന്റെ ശാരീരികമായ പ്രത്യേകതളെല്ലാം വനിതാ കായിക താരങ്ങളുടേതിനു സമാനമാണെന്ന്, പരിശോധനാ ഫലം തെളിവായി നിരത്തി അനായ സമര്‍ഥിക്കുന്നുമുണ്ട്.

അതേസമയം, ഒരു രാഷ്ട്രീയ പ്രസ്താവനയല്ല തന്റെ ലക്ഷ്യമെന്നും ഈ വിഷയത്തില്‍ ശാസ്ത്രീയമായ ചര്‍ച്ചകള്‍ക്കു തുടക്കമിടുകയാണെന്നും അനായ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയാണ്, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ വനിതാ ക്രിക്കറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെയും കായിക താരങ്ങളുടെയും നിയമോപദേശകരുടെയും സഹകരണത്തോടെ ഏറ്റവും മികച്ച നയരൂപീകരണത്തിന് മുന്‍കയ്യെടുക്കണമെന്ന അഭ്യര്‍ഥനയും ഒപ്പമുണ്ട്.

2024 ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിച്ചിരുന്നു.




Next Story

RELATED STORIES

Share it