Cricket

ഇന്ത്യ-ന്യൂസിലന്‍ഡ് മല്‍സരത്തിന് മുമ്പായി നടന്നത് 5,000 കോടി രൂപയുടെ വാതുവെപ്പ്; ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും രംഗത്ത്

ഇന്ത്യ-ന്യൂസിലന്‍ഡ് മല്‍സരത്തിന് മുമ്പായി നടന്നത് 5,000 കോടി രൂപയുടെ വാതുവെപ്പ്; ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും രംഗത്ത്
X

ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലന്റ് ചാംപ്യന്‍സ് ട്രോഫി ഫൈനലിനു മുന്നോടിയായി 5,000 കോടി രൂപയുടെ വരെ വാതുവെപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ വാതുവെപ്പുകാരുടെ ഇഷ്ട ടീം ഇന്ത്യയാണെന്ന് വാതുവെപ്പ് സംഘങ്ങളെ നിരീക്ഷിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി വാതുവെപ്പുകാര്‍ അധോലോകവുമായി ബന്ധമുള്ളവരാണെന്നും എല്ലാ വലിയ മത്സരങ്ങള്‍ക്കുമുമ്പും ഇവര്‍ ദുബായില്‍ ഒത്തുകൂടാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ 'ഡി കമ്പനി' ദുബായിലെ വലിയ ക്രിക്കറ്റ് മത്സരങ്ങളില്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കിടെ ഡല്‍ഹി ക്രൈം ബ്രാഞ്ച് കുറഞ്ഞത് അഞ്ച് വമ്പന്‍ വാതുവെപ്പുകാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇവര്‍ വാതുവെപ്പിലേര്‍പ്പെട്ടിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് സംഘത്തിന്റെ ദുബായ് ബന്ധം വെളിപ്പെട്ടത്.

ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരത്തിനിടെ വാതുവെപ്പിലേര്‍പ്പെട്ടതിന് പര്‍വീണ്‍ കൊച്ചാര്‍, സഞ്ജയ് കുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ലാപ്‌ടോപ്പുകളും ഫോണും ഉപയോഗിച്ച് വാതുവെപ്പ് നടത്തുന്നതിനിടെയാണ് ഇരുവരെയും പോലിസ് കൈയോടെ പിടികൂടിയത്. ഇവരില്‍നിന്ന് വാതുവെപ്പിനായി ഉപയോഗിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പോലിസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷമായി വാതുവെപ്പ് ബിസിനസ്സ് നടത്തുന്നതിനായി പര്‍വീണ്‍ കൊച്ചാര്‍ പ്രതിമാസം 35,000 രൂപയ്ക്ക് ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. ഓരോ മത്സര ദിവസവും 40,000 രൂപയോളമായിരുന്നു ഇയാളുടെ ലാഭം. വാതുവെപ്പ് ശൃംഖലയെ ദുബായില്‍നിന്നാണ് നിയന്ത്രിക്കുന്നതെന്നാണ് ഇയാള്‍ പോലിസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.




Next Story

RELATED STORIES

Share it