Cricket

കാര്യവട്ടത്തെ കളി ആര്‍ക്കൊപ്പം?

കാര്യവട്ടത്തെ കളി ആര്‍ക്കൊപ്പം?
X

തിരുവനന്തപുരം: 1988 ജനുവരി അഞ്ച്, യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയം തിരുവനന്തപുരം. ഗ്യാലറിയിലെ ഇരമ്പലുകള്‍ നേര്‍ത്ത് മൂകമായിപ്പോയ ദിനം. ഇന്ത്യന്‍ ക്രിക്കറ്റ് പട കാരീബിയന്‍ സാമുറായിമാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ കറുത്ത ദിനം. അന്ന് ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന നിലവിലെ കോച്ച് രവി ശാസ്ത്രി ഗ്രൗണ്ടില്‍നിന്നും മടങ്ങുമ്പോള്‍ കാരിബിയക്കാരെക്കൊണ്ട് മറുപടി പറയിക്കുന്ന ആ ദിനം സ്വപ്‌നം കണ്ടിട്ടുണ്ടാവുമോ? മുപ്പതുവര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള ആ പഴയ കണക്ക് കോഹ്്‌ലിപ്പട സാക്ഷാല്‍ ശാസ്ത്രിയെ സാക്ഷിനിര്‍ത്തി തിരുത്തുമോ? ഇന്ത്യന്‍ ആരാധകരുടെ ആ കാത്തിരിപ്പിന് വിരാമം കുറിക്കുകയാണ് ഇന്ന്. മുന്‍ഗാമികള്‍ക്കേറ്റ തിരിച്ചടി പലിശയുംകൂട്ടി കാരിബിയന്‍ സാമുറായ്മാര്‍ക്ക് വീതംവച്ചു നല്‍കുന്നതുകാണാന്‍ ഗ്രീന്‍ഫീല്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അവസാന ഏകദിനം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.

1988ല്‍ വിവ് റിച്ചാര്‍ഡ്്‌സെന്ന ഇതിഹാസ താരത്തിനു പിന്നില്‍ അണിനിരന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നേരിട്ടത് ശാസ്ത്രിയും കപിലും ശ്രീകാന്തുമടങ്ങുന്ന വെറ്ററന്‍ ലൈന്‍അപ്പ് ആയിരുന്നു. പഴയ രാജപ്രൗഢിയൊന്നുമില്ലെങ്കിലും സമാനതകളില്ലാത്ത പോരാട്ടം ശീലമാക്കിയ ഇന്‍ഡീസിന് മുന്നില്‍ കോഹ്്‌ലിയുടെ ഫയര്‍ബ്രാന്റുകള്‍ കത്തിക്കയറിയാല്‍ കളി കൈയിലാവും. ബാറ്റിങിന് അനുകൂലമാണ് പിച്ച്്. ഗ്രൗണ്ടിലെ മൊത്തം പ്രകടനത്തില്‍ ഇന്ത്യന്‍ടീം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ബാറ്റിങ്ങില്‍ മധ്യ നിരയുടെ സ്ഥിരത ഇല്ലായ്മയാണ് ഇന്ത്യന്‍ ക്യാംപിന്റെ ഏക ആശങ്ക. എന്നാല്‍ കഴിഞ്ഞ കളിയില്‍ അമ്പാട്ടി റായിഡുവിന്റെ ബാറ്റിങ് ടീമിന് പ്രതീക്ഷയാവുന്നു. വെടിക്കെട്ട്് പുറത്തെടുത്ത രോഹിത് ശര്‍മക്ക് പുറമെ, കോഹ്ലിക്കും സെലക്ടര്‍മാര്‍ക്കും ആശ്വാസം പകര്‍ന്ന ഇന്നിങ്്‌സ് ആയിരുന്നു അമ്പാട്ടി റായിഡുവിന്റെത്. 81 പന്തുകളില്‍ നിന്ന് നാല് സികസറുകളും എട്ട് ബൗണ്ടറികളുമടക്കം നൂറ് റണ്‍സെടുത്ത റായിഡു, ഫോം നില നിര്‍ത്തുകയാണെങ്കില്‍ പേടിക്കാന്‍ ഒന്നുമുണ്ടാവില്ല. നിലവില്‍ അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടുന്ന മധ്യ നിരയ്ക്ക് ഇതുവരെ അവസരത്തിനൊത്ത് ഉയരാനായിട്ടില്ല. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിശാഖപ്പട്ടണം ഏകദിനം സമനിലയില്‍ പിരിഞ്ഞിരുന്നു. അതിനാല്‍ ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, തിരുവനന്തപുരത്ത് വിജയിച്ച് കളി സമനിലയിലാക്കാനാവും വിന്‍ഡീസ് ശ്രമിക്കുക.

സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.

വെസ്റ്റിന്‍ഡീസ്: സുനില്‍ അംബ്രിസ്/ചന്ദര്‍പോള്‍ ഹേംരാജ്, കീറണ്‍ പവല്‍, ഷായ് ഹോപ്, ഷിംറോണ്‍ ഹിറ്റ്മെയര്‍, മര്‍ലോണ്‍ സാമുവല്‍സ്, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്ലി നഴ്സ്, കീമോ പോള്‍, ദേബേന്ദ്ര ബിഷൂ/ഫാബിയന്‍ അലന്‍, കെമര്‍ റോഷ്.

കോഹ്ലി ടോസ്നേടിയാല്‍ അതും റെക്കോഡാവും

ആര്‍ക്കും തൊടാനാവില്ലെന്ന് വിശ്വസിച്ചിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോര്‍ഡുകള്‍ ഓരോന്ന് സ്വന്തം പേരില്‍ തിരുത്തിയെഴുതുന്ന കോഹ്്‌ലിയെ കാത്ത് പുതിയൊരു റെക്കോഡ് കൂടി എത്താന്‍ സാധ്യത. അതും ഭാഗ്യത്തിന്റെ റെക്കോഡ്. ഇന്ത്യയില്‍ ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന ഒരു പരമ്പരയിലെ അഞ്ച് മല്‍സരങ്ങളിലും ടോസ് നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് കോഹ്‌ലിയെ കാര്യവട്ടത്ത് കാത്തിരിക്കുന്നത്. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മല്‍സരങ്ങളിലും കോഹ്്‌ലിക്കാണ് ടോസ് ലഭിച്ചത്. അഞ്ചാം ഏകദിനം ഇന്ന് കാര്യവട്ടത്ത് നടക്കാനിരിക്കുകയാണ്. നേടാനായാല്‍ അഞ്ച് ടോസുകള്‍ നേടുന്ന നാലാമത്തെ നായകനാകും വിരാട് കോഹ്്‌ലി. മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവര്‍ക്ക് അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ അത് ഇന്ത്യയിലല്ലെന്ന് മാത്രം. കാര്യവട്ടത്ത് കൂടി ടോസ് ലഭിച്ചാല്‍ ഇന്ത്യയില്‍ നടക്കുന്നൊരു പരമ്പരയില്‍ അഞ്ച് ടോസുകള്‍ നേടുന്ന ആദ്യ നായകനാകാനും കോഹ്്‌ലിക്കാവും. അതേസമയം വിന്‍ഡീസിനെതിരെ കോഹ്്‌ലി മാത്രമല്ല അഞ്ച് ടോസുകള്‍ നേടുന്നത്. ഹാന്‍സി ക്രോണി( ദക്ഷിണാഫ്രിക്ക ) സ്റ്റീവ് വോ(ആസ്ത്രേലിയ) എന്നിവര്‍ വിന്‍ഡീസിനെതിരെ അഞ്ച് ടോസുകള്‍ നേടിയിട്ടുണ്ട്.

ആശങ്കയായി മഴമേഘങ്ങള്‍

ഗ്രീന്‍ഫീല്‍ഡിലെ ആദ്യ അന്താരാഷ്ട്ര മല്‍സരത്തിലേതുപോലെ മഴ ആവേശം കളയുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ ഉച്ചവരെ കത്തുന്ന വെയിലും കനത്ത ചൂടുമായിരുന്നു കാര്യവട്ടത്ത്. എന്നാല്‍, ഉച്ചക്കഴിഞ്ഞതോടെ മഴ മേഘങ്ങള്‍ ഉരുണ്ടു കൂടി. രാത്രിയോടെ മഴ ചാറ്റല്‍ തുടങ്ങിയിരുന്നു. ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2017 നവംബറില്‍ നടന്ന ട്വന്റി 20 മല്‍സരം മഴ ഭീഷണിയിലായിരുന്നു. ശക്തമായ മഴ പെയ്തിട്ടും കുറഞ്ഞ ഓവര്‍ മല്‍സരം നടത്താനായി. മികച്ച ഔട്ട് ഫീല്‍ഡും ട്രെയിനേജ് സംവിധാനവുമാണ് സ്പോര്‍ട്സ് ഹബിലേത്. അതുകൊണ്ടു തന്നെ മഴ ഭീഷണിയാകില്ലെന്ന വിശ്വാസത്തിലാണ് ആരാധകരും സംഘാടകരും.

ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയില്ല

പരമ്പര സ്വന്തമാക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലനത്ത് ഇന്ത്യ നിരയിലെ പ്രധാന താരങ്ങളൊന്നും നെറ്റ്സില്‍ പരിശീലനത്തിന് ഇറങ്ങിയില്ല. നായകന്‍ വിരാട് കോഹ്്ലി അടക്കം താരങ്ങളെല്ലാം തന്നെ കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ എത്തിയിരുന്നു. രാവിലെ 9.15 ന് പരിശലനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പത്ത് മണിയോടെയാണ് ഇന്ത്യന്‍ ടീം എത്തിയത്. പരിശീലകന്‍ രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഉമേഷ് യാദവ്, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, റിഷഭ് പാന്ത്, ലോകേഷ് രാഹുല്‍, യുവേന്ദ്ര ചാഹല്‍, അമ്പാട്ട് റായിഡു എന്നിവര്‍ നെറ്റ്സില്‍ പരിശീലനം നടത്തി. പരിശീലനം ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. ഉമേഷ് യാദവ് ഏറേ നേരം പരിശീലനം നടത്തി. വെസ്റ്റ് ഇന്‍ഡീസ് ടീമും പരിശീലനത്തിന് എത്തിയില്ല. വൈകിട്ടോടെ രവി ശാസ്ത്രി, ശിഖര്‍ ധവാന്‍, ഉമേശ് യാദവ് എന്നിവര്‍ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

Next Story

RELATED STORIES

Share it