യു എസ് ഓപണില്‍ സെറീന വില്യംസ്- നവോമി ഒസാക ഫൈനല്‍ന്യൂയോര്‍ക്: ഈ വര്‍ഷത്തെ യു എസ് ഓപണ്‍ ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്- ജപ്പാന്റെ നവോമി ഒസാക പോര്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയെ അട്ടിമറിച്ച അനസ്‌തേഷ്യ സെവസ്റ്റോവയെയാണ് സെറീന സെമിയില്‍ മുട്ടുകുത്തിച്ചതെങ്കില്‍ ലോക 14ാം നമ്പര്‍ താരം മാഡിസണ്‍ കീസിനെയാണ് 19ാം നമ്പര്‍ താരമായ നവോമി ഒസാക പരാജയപ്പെടുത്തിയത്.
വെറും 66 മിനിറ്റുകള്‍ കൊണ്ടാണ് നിലവിലെ 26ാം നമ്പര്‍ താരമായ സെറീന 19ാം നമ്പര്‍ താരം സെവസ്റ്റോവയെ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-3,6-0. മുന്‍ ലോക സൂപ്പര്‍ താരം മരിയ ഷറപ്പോവയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ കാഴ്ച വച്ച അസാമാന്യ പ്രകടനം ഇന്നലെ സെവസ്‌റ്റോവയ്ക്ക് ആവര്‍ത്തിക്കാനായില്ല. ഗ്രാന്‍സ്ലാം കിരീടങ്ങള്‍ വാരിക്കൂട്ടിയ സെറീനയുടെ തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് മുന്നില്‍ സെവസ്റ്റോവ നിഷ്പ്രഭയാവുന്ന കാഴ്ചയാണ് ആര്‍തര്‍ ആഷ് സ്റ്റേഡിയത്തെ സെറീനയുടെ സ്വന്തം ആരാധകര്‍ കണ്ടത്. ഏഴാം യുഎസ് ഓപണ്‍ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ജയിച്ച കിരീടം ചൂടിയാല്‍ മകള്‍ക്ക് ജീവന്‍ നല്‍കിയ ശേഷമുള്ള താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാവും ഇത്.
എന്നാല്‍ കുട്ടിക്കാലത്ത് താന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന സെറീന വില്യംസിനെ ഫൈനലില്‍ നേരിടുന്നതിന്റെ സന്തോഷത്തിലാണ് ജാപ്പനീസ് താരമായ നൊവോമി ഒസാക. 1999ല്‍ സെറീന യു എസ് ഓപണ്‍ കിരീടം ചൂടുമ്പോള്‍ ഒസാക്കയ്ക്ക് അന്ന് 1 വയസ്സായിരുന്നു. സെമിയില്‍ മറ്റൊരു അമേരിക്കന്‍ താരം മാഡിസന്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2.6-4. ഫൈനലിലെ ജയത്തോടെ തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ് ഒസാക ലക്ഷ്യമിടുന്നത്. മുമ്പ്് മിയാമി ഓപണില്‍ സെറീന വില്യംസുമായി ഒസാക മാറ്റുരയ്ച്ചപ്പോള്‍ ജയം ഒസാകയുടെ ഭാഗത്തായിരുന്നു.

RELATED STORIES

Share it
Top