ശബരിമലയെ കലാപ ഭൂമിയാക്കാന്‍ യുഡിഎഫ് ഇല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ശബരിമലയെ കലാപ ഭൂമിയാക്കാന്‍ യുഡിഎഫ് ഇല്ല. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല. സിപിഎമ്മും ബിജെപിയും സംഘ പരിവാറും കള്ളക്കളി കളിക്കുകയാണ്. തെരുവ് യുദ്ധമല്ല ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.സിപിഎം പദ്മവ്യൂഹത്തിലാണ്. പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൗനം പാലിക്കുകയാണ്. വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്യേണ്ടത്.
ഈ വിഷയത്തില്‍ ആദ്യം മുതല്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. എന്നാല്‍ ആര്‍എസ്എസും ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയുമടക്കം ശബരിമല വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. പട്ടാളത്തെ ഇറക്കി വിധി നടപ്പിലാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. അതുകൊണ്ടുതന്നെ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ബ്രൂവെറി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 140 മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബര്‍ 11ന് മണ്ഡലാടിസ്ഥാനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. 23ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. ബ്രൂവെറി വിവാദത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

RELATED STORIES

Share it
Top