ശബരിമല കലാപം; 1407 പേര്‍ അറസ്റ്റില്‍; കൂടുതല്‍ ആല്‍ബം ഉടന്‍ തയാറാക്കുംതിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിന്റെ മറപിടിച്ച് ശബരിമലയില്‍ കലാപം ഉണ്ടാക്കിയവരില്‍ 1407 പേര്‍ അറസ്റ്റിലായി. സംഘ്പരിവാര പ്രവര്‍ത്തകരാണ് അറസ്റ്റിലായവരില്‍ കൂടുതലും. അക്രമികളുടെ കൂടുതല്‍ ആല്‍ബം പൊലിസ് തയാറാക്കും. ആദ്യം തയാറാക്കിയ ആല്‍ബത്തില്‍ അബദ്ധത്തില്‍ ഉള്‍പ്പെട്ട പൊലിസുകാരും ഉദ്യോഗസ്ഥരുമായ 14പേരെ ഒഴിവാക്കി.
ഭക്തരെ തടയല്‍, വാഹനം അടിച്ചു തകര്‍ക്കല്‍, പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പടെ 258 കേസുകളിലായി രണ്ടായിരത്തിലധികം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട ,അലപ്പുഴ ,തൃശൂര്‍ ജില്ലകളില്‍നിന്നാണ് കൂടുതല്‍ അറസ്റ്റ്.
നിലയ്ക്കലിലെയും പമ്പയിലെയും സംഘര്‍ഷങ്ങള്‍, ശരണപാതകളില്‍ വിവിധയിടങ്ങളില്‍ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ഇങ്ങനെ വിവിധ കേസുകളിലെ പ്രതികളെയാണു സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്തു തുടങ്ങിയത്. നാലു ദിവസത്തിനിടെ 170 പേര്‍ അറസ്റ്റിലായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും അറസ്റ്റുണ്ട്. അക്രമികളുടെ ചിത്രങ്ങളടങ്ങിയ ആല്‍ബം തയാറാക്കി പ്രസിദ്ധീകരിച്ചതോടെയാണു വിവിധ ജില്ലകളില്‍ അറസ്റ്റിനു കളമൊരുങ്ങിയത്. തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.
എന്നാല്‍ പൊലിസ് നടപടിയെ പ്രതിരോധിച്ച് ബിജെപി രംഗത്തെത്തി. നാളെ പത്തനംതിട്ടയില്‍ പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം.

RELATED STORIES

Share it
Top