എലിപ്പനി: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം

കോഴിക്കോട്: മഴക്കെടുതികള്‍ക്ക് ശേഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തില്‍ എലിപ്പനി ബാധിക്കാതിരിക്കുവാന്‍ആരോഗ്യ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്‌സിസൈക്ലിന്‍ കഴിക്കണം.സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കും. എല്ലാ ക്യാമ്പുകളിലും പ്രതിരോധ ഗുളികകള്‍ ആരോഗ്യ വകുപ്പ് നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നു. അവര്‍ എത്രയും വേഗം പ്രതിരോധ ഗുളികള്‍ കഴിക്കാന്‍ തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും. താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും എലിപ്പനി ഗുരുതരാവസ്ഥയിലെത്തിക്കും. സമയബന്ധിതമായി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ എലിപ്പനിയെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top