Pravasi

ഭാര്യയുടെ ചേതനയറ്റ ശരീരത്തെ അനുഗമിക്കാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമാവാതെ ഭര്‍ത്താവും മകളും

സിമോണ്‍ അംബ്രോസ്-ലിസി ദമ്പതികളുടെ മകളായ ലിജി അഞ്ചു വര്‍ഷമായി അബഹയിലാണ് ജോലി ചെയ്യുന്നത്. മൂന്നര മാസം മുന്‍പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

ഭാര്യയുടെ ചേതനയറ്റ ശരീരത്തെ അനുഗമിക്കാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമാവാതെ ഭര്‍ത്താവും മകളും
X

അബഹ(സൗദി): സൗദിയില്‍ മരിച്ച ഭാര്യ ലിജിയുടെ മൃതദേഹത്തെ അനുഗമിക്കാനും അന്ത്യ ശുശ്രൂഷയില്‍ പങ്കെടുക്കാനും അബഹയിലെ ഭര്‍ത്താവ് സിബിക്കും ഏകമകള്‍ രണ്ടര വയസ്സുള്ള ഇവനാക്കും ആവില്ല. ലോക്ക്ഡൗണ്‍ കാരണം അബഹ എയര്‍പോര്‍ട്ട് അടച്ചതിനാല്‍ മൃതദേഹം 700 കിലോമീറ്റര്‍ ദൂരെയുള്ള ജിദ്ദയില്‍ റോഡ് മാര്‍ഗം എത്തിച്ച് കാര്‍ഗോ വിമാനം വഴി നാട്ടിലേക്ക് അയക്കുകയായിരുന്നു. ജിദ്ദയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ സീറ്റ് തരപ്പെടുത്താന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടെങ്കിലും സീറ്റ് ലഭിച്ചില്ല.

ഏപ്രില്‍ 2 നാണു കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബഹ മെറ്റേണിറ്റി & ചില്‍ഡ്രന്‍സ് ആശുപത്രിയിലെ നഴ്‌സുമായ ലിജി സിമോനെ (31) ആത്മഹത്യ ചെയ്ത നിലയില്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. കുറച്ച് നാളുകളായി എസ്എല്‍ഇയുടെ ഭാഗമായുള്ള ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ലിജി ചികിത്സയില്‍ ആയിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സിബി ബാബു ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ എക്‌സിക്യൂട്ടീവ് അംഗവും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗവുമായ ഹനീഫ മഞ്ചേശ്വരം നിയമ സഹായങ്ങള്‍ക്കായി ഭര്‍ത്താവ് സിബി, കുടുംബ സുഹൃത്തായ ബിജുമോന്‍ തിരുവനന്തപുരം എന്നിവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആത്മഹത്യയായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. എസ്എല്‍ഇ അസുഖത്തിന്റെ ഭാഗമായുള്ള ഡിപ്രഷന്‍ കാരണം ഉണ്ടായ ആത്മഹത്യയാണെന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ ഹനീഫ മഞ്ചേശ്വരത്തിനു കഴിഞ്ഞതിനാല്‍ ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ നടത്തി നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചത് കുടുംബത്തിന് ഏറെ ആശ്വാസമായി.

സിമോണ്‍ അംബ്രോസ്-ലിസി ദമ്പതികളുടെ മകളായ ലിജി അഞ്ചു വര്‍ഷമായി അബഹയിലാണ് ജോലി ചെയ്യുന്നത്. മൂന്നര മാസം മുന്‍പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

10 ദിവസത്തിനകം എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വൈകിയത്. കഴിഞ്ഞ ദിവസം മൃതദേഹം അബഹ മോര്‍ച്ചറിയില്‍ നിന്നെടുത്ത് സഹപ്രവര്‍ത്തകാരുടെ സഹായത്തോടെ എംബാംചെയ്തു. ഓണ്‍ലൈനില്‍ പ്രത്യേക അനുമതി നേടിയശേഷം ആംബുലന്‍സില്‍ 700 കിലോമീറ്റര്‍ ദൂരത്തുള്ള ജിദ്ദഎയര്‍പോര്‍ട്ടിലേക്ക് അയച്ചു. അവിടുന്ന് എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ അയച്ച മൃതദേഹം ഇന്ന് രാത്രി കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് ഹനീഫ മഞ്ചേശ്വരം അറിയിച്ചു.

തിങ്കളാഴ്ച കൊല്ലം ചക്കുവള്ളി പോരുവഴി സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ അന്ത്യ ശുശ്രൂഷകള്‍ നടത്തി കബറക്കം നടത്തുമെന്ന് കുടുംബം അറിയിച്ചു. ടിക്കറ്റ് ലഭിച്ചാല്‍ ഉടനെ സിബിയും മകളും നാട്ടിലേക്ക് തിരിക്കും.

Next Story

RELATED STORIES

Share it