Pravasi

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍; ദുരിതത്തിനൊടുവില്‍ ബഷീറിന് മോചനം

ഷറഫിയയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍ തൊഴിലാളിയായിരുന്ന ബഷീര്‍ എന്ന കര്‍ണാടക സ്വദേശിയെ മൂന്നുമാസം മുമ്പാണ് അപ്രതീക്ഷിതമായി ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍; ദുരിതത്തിനൊടുവില്‍ ബഷീറിന് മോചനം
X

ജിദ്ദ: ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട് നാട്ടിലേക്കു മടങ്ങാന്‍ പോലുമാവാതെ ദുരിതത്തില്‍ കഴിയുകയായിരുന്ന കര്‍ണാടക സ്വദേശിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടല്‍ സഹായകമായി. ഷറഫിയയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍ തൊഴിലാളിയായിരുന്ന ബഷീര്‍ എന്ന കര്‍ണാടക സ്വദേശിയെ മൂന്നുമാസം മുമ്പാണ് അപ്രതീക്ഷിതമായി ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ഇഖാമ കാലാവധി അവസാനിച്ച ഘട്ടത്തില്‍ അത് പുതുക്കിനല്‍കുന്നതിനു പകരം പിരിച്ചുവിടുകയായിരുന്നു. മറ്റൊരു ജോലിക്കു ശ്രമിക്കാനോ നാട്ടിലേക്കു മടങ്ങാനോ വഴിയില്ലാതെ വിഷമിച്ച ബഷീര്‍ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായം തേടി. ഷറഫിയ ബ്ലോക്ക് കമ്മിറ്റി വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഹസയ്‌നാര്‍ ചെര്‍പ്പുളശ്ശേരിയും ബനീമാലിക് ബ്ലോക്ക് പ്രസിഡന്റ് ജഹ്ഫര്‍ കരുവാരക്കുണ്ടും തൊഴിലുടമയുമായി സംസാരിച്ചു. എന്നാല്‍ എക്‌സിറ്റ് അടിക്കുന്നതിന് ലെവി അടക്കം വന്‍തുക ആവശ്യമാണ് എന്നതിനാല്‍ നാടുകടത്തല്‍ കേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ശമ്പള കുടിശ്ശിക അടക്കം നല്‍കാതെ നീതിരഹിതമായി ഇടപെട്ട തൊഴിലുടമയ്‌ക്കെതിരേ നിയമപരമായി നടപടി സ്വീകരിക്കാനായിരുന്നു സന്നദ്ധപ്രവര്‍ത്തകരുടെ തീരുമാനം. സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ചാര്‍ജ് ഫൈസല്‍ മമ്പാടിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ എംബസി മുഖേന തൊഴിലുടമയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്തു. കേസ് നടപടികള്‍ ശക്തമാക്കിയതോടെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ തൊഴിലുടമ അനുനയ ചര്‍ച്ചയ്ക്കു തയ്യാറായി. ശമ്പള കുടിശ്ശികയും ടിക്കറ്റും നല്‍കി ബഷീറിനെ നാട്ടില്‍ അയക്കാമെന്ന് ചര്‍ച്ചയില്‍ തൊഴിലുടമ സമ്മതിച്ചു. സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നീതി ലഭ്യമായ ബഷീര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങി.



Next Story

RELATED STORIES

Share it