Pravasi

നിര്‍ഝരി ഹജ്ജ് ഗീതങ്ങള്‍ പ്രകാശനം ചെയ്തു

നിര്‍ഝരി ഹജ്ജ് ഗീതങ്ങള്‍ പ്രകാശനം ചെയ്തു
X

ജിദ്ദ: രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ ഒരു കൂട്ടം പ്രവാസികള്‍ 'സര്‍ഗ സംഗമം' കലാവേദിയുടെ തണലില്‍ വാഗ്മിയും എഴുത്തുകാരനുമായ വി കെ ജലീലിന്റെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന് സഹൃദയകര്‍ക്ക് സമ്മാനിച്ച നിര്‍ഝരി ഹജ്ജ് ഗീതങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനര്‍ജനിച്ചിരിക്കുന്നു.

ഹജ്ജിലെ ഉജ്ജ്വല വ്യക്തിത്വങ്ങളായ ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റേയും ത്യാഗ സമര്‍പ്പണങ്ങളുടെ അനശ്വര കഥ പറയുന്ന ഈ അതുല്യ കാവ്യങ്ങള്‍ പ്രശസ്ത മാപ്പിളപ്പാട്ടു ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ വെബ്‌നാര്‍ മീറ്റിംഗിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കനപ്പെട്ട സദസ്സിനുമുമ്പില്‍ കലാകൈരളിക്ക് സമര്‍പ്പിച്ചു.

'ഹജ്ജും ഹജ്ജിലെ കഥാപാത്രങ്ങളും കാലങ്ങള്‍ക്കുമുമ്പെ മാപ്പിളപ്പാട്ടില്‍ ധാരാളമായി ഇതിവൃത്തങ്ങളായി തീര്‍ന്നിട്ടുണ്ടെങ്കിലും നിര്‍ഝരി പോലെ കാല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രവാസത്തിന്റെ പ്രയാസങ്ങളില്‍ രൂപപ്പെടുത്തിയ ഒരാല്‍ബം വീണ്ടും അതേ ടീമിനെ തേടിപിടിച്ച് പുതിയ കാലത്തിന്റെ സാങ്കേതിക മികവോടെ പുറത്തിറക്കുക എന്നത് ഏറെ ശ്ലാഘനീയമാണ്. കലാ ലോകത്ത് രചയിതാവിനോടും സംഗീത സംവിധായകനോടും ചെയ്യുന്ന വലിയൊരു അംഗീകാരമാണത്. പ്രത്യേകിച്ചും പാട്ടുകള്‍ പലപ്പോഴും പാടുന്നവരുടെ പേരില്‍മാത്രം അറിയപ്പെടുന്ന കാലത്തെന്ന് ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. 'തനിമ' കലാസാഹിത്യവേദി പ്രസിഡന്റ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പെ ഇറങ്ങി മണലാരണ്യത്തില്‍ മറഞ്ഞുപോയ നിര്‍ഝരി വീണ്ടും നിര്‍ഗളിക്കുന്നത് അതിലെ ആശയത്തിന്റേയും രചയിതാക്കളുടെ അതുല്യ പ്രതിഭയുടേയും തെളിവാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

തനിമ കലാസാംസ്‌കാരിക വേദി സൗദി വെസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുറഹീം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മുന്‍പ്രസിഡണ്ട് സഫിയ അലി, ജിദ്ദയുടെ അനുഗ്രഹീത ഗായകന്‍ മീര്‍സ ശരീഫ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഷാനവാസ് മാസ്റ്റര്‍, ശരീഫ് കൊച്ചിന്‍, ആദര്‍ശ്, റയ്യാന്‍ മൂസ ഗാനങ്ങള്‍ ആലപിച്ചു. 'സൂഫിയും സുജാതയും' സിനിമയിലെ ഗാനത്തിലൂടെ പ്രശസ്തനായ സുധീപ് പാലനാട് പാടിയ 'നിര്‍ഝരി' യിലെ ആദ്യഗാനത്തിന്റെ സ്‌ക്രീന്‍ ഷോയും നടന്നു.

എഴുത്തുകാരനും ചിന്തകനുമായ പി ടി കുഞ്ഞാലി ഉപസംഹാരം പ്രസംഗം നടത്തി. നന്മയും തെളിമയും പ്രകാശിപ്പിക്കുന്ന ഹജ്ജനുഭവങ്ങള്‍ എന്നും മലയാള ഗാനലോകത്തിന് വലിയ സംഭാവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ശ്രവണസുന്ദരമായ താരാട്ടുപാട്ടുകള്‍ ഇനിയും പുനര്‍ജനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'തനിമ' കലാസാഹിത്യ വേദിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന 'നിര്‍ഝരി' ആല്‍ബത്തിലെ ഏഴ് ഗാനങ്ങളും 'ഡിഫോര്‍ മീഡിയ' യൂട്യൂബ് ചാനലാണ് എയര്‍ ചെയുന്നത്. സൈനബ് ചാവക്കാട്, ശിഹാബ് കരുവാരകുണ്ട്, റുക്‌സാന മൂസ, സലാം താനൂര്‍ എന്നിവരുടെ വരികള്‍ക്ക്

ഹൈദര്‍ തിരൂര്‍, സുദീപ് പാലനാട്, ശരീഫ് കൊച്ചിന്‍, സിദ്രത്ത് മുന്‍ തഹാ, ഷാനവാസ് മാസ്റ്റര്‍, ആദര്‍ശ്, റയ്യാന്‍ മൂസ ശബ്ദം നല്‍കി. ഹൈദര്‍ തിരൂര്‍ സംഗീത സംവിധാനവും ഷുക്കൂര്‍ തിരൂരങ്ങാടി ഓര്‍ക്കസ്‌ട്രേഷനും അഹ്മദ് അഷ്‌റഫലി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

പരിപാടിയില്‍ ശിഹാബ് കരുവാരകുണ്ട് സ്വാഗതവും സൈനബ് ചാവക്കാട് നന്ദിയും പറഞ്ഞു. അബ്ദുല്‍ മുഇസ് ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it