Gulf

ടിവി, സിനിമ, സ്‌പോര്‍ട്‌സ് ഒരൊറ്റ വേദിയില്‍; പുതിയ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ടിവി, സിനിമ, സ്‌പോര്‍ട്‌സ് ഒരൊറ്റ വേദിയില്‍; പുതിയ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
X

ദുബയ്: ടെലിവിഷന്‍ ഷോകള്‍, സിനിമകള്‍, തല്‍സമയ ഉള്ളടക്കങ്ങള്‍ എന്നിവ ആസ്വദിക്കാനായി 'ദുബയ് പ്ലസ്' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ദുബയ് രണ്ടാം ഉപഭരണാധികാരിയും ദുബയ് മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുബയ് മീഡിയ ഇന്‍കോര്‍പറേറ്റഡ് ആണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. വെള്ളിയാഴ്ച ദുബയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സുരക്ഷിതവും കുടുംബ സൗഹൃദപരവുമായ ഉള്ളടക്കങ്ങളാണ് പ്ലാറ്റ്‌ഫോമിന്റെ മുഖ്യ ആകര്‍ഷണം. പ്രാദേശികം, അറബ്, അന്താരാഷ്ട്രം എന്നീ വിഭാഗങ്ങളിലുളള ഉള്ളടക്കങ്ങള്‍ ഒരൊറ്റ വേദിയില്‍ ലഭ്യമാക്കുക എന്നതാണ് ദുബയ് പ്ലസിന്റെ ലക്ഷ്യം. തല്‍സമയ ടെലിവിഷന്‍ സംപ്രേഷണങ്ങള്‍, സ്‌പോര്‍ട്ട്‌സ് പരിപാടികള്‍ ഉള്‍പ്പെടെ 20ലധികം എക്‌സ്‌ക്ലൂസീവ് പരമ്പരകള്‍, ആറു ഒറിജിനല്‍ പ്രൊഡക്ഷനുകള്‍, 170ലധികം അന്താരാഷ്ട്ര സിനിമകള്‍ എന്നിവ തുടക്കഘട്ടത്തില്‍ തന്നെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. സബ്‌സ്‌ക്രിപ്ഷന്‍ വിശദാംശങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. ദുബയ് ആതിഥേയത്വം വഹിക്കുന്ന പ്രധാന കായിക മല്‍സരങ്ങളും ഇവന്റുകളും ദുബയ് പ്ലസ് വഴി തല്‍സമയം കാണാനാകും. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ മാത്രം 12 തല്‍സമയ ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഐ അറിയിച്ചു.

വിനോദം, വാര്‍ത്തകള്‍, കായികം, ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ എന്നിവ ഒരുമിച്ച് ആസ്വദിക്കാനാഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഏകജാലക ഡിജിറ്റല്‍ ലക്ഷ്യസ്ഥാനമായി ദുബയ് പ്ലസിനെ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് ദുബയ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറും ദുബയ് ഗവ. മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറലുമായ മോണ ഗാനിം അല്‍ മറ്രി പറഞ്ഞു. ദുബയുടെ വിപുലമായ മാധ്യമ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ സംരംഭമെന്നും അവര്‍ വ്യക്തമാക്കി. ഭാവിയില്‍ പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കവും സവിശേഷതകളും കൂടുതല്‍ വികസിപ്പിക്കുമെന്ന് ദുബയ് മീഡിയ ഇന്‍കോര്‍പറേറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് അല്‍ മുള്ള അറിയിച്ചു. കുടുംബ സുരക്ഷയ്ക്കാണ് പ്രധാന പ്രാധാന്യം നല്‍കുന്നതെന്നും, കാഴ്ചാനുഭവത്തിന്റെ ഹൃദയത്തില്‍ കുടുംബത്തെ സ്ഥാപിക്കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it