Gulf

പ്രാര്‍ഥന സഫലം; റിയാദില്‍ മൂന്നുവര്‍ഷം മുമ്പ് കാണാതായ മലയാളിയെ കണ്ടെത്തി

പ്രാര്‍ഥന സഫലം; റിയാദില്‍ മൂന്നുവര്‍ഷം മുമ്പ് കാണാതായ മലയാളിയെ കണ്ടെത്തി
X

റിയാദ്: വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയുമെല്ലാം പ്രാര്‍ഥന സഫലം. മൂന്ന് വര്‍ഷം മുമ്പ് റിയാദില്‍ കാണാതായ മലയാളി യുവാവിനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ്-സക്കീന ദമ്പതികളുടെ മകന്‍ സമീഹിനെയാണ് കണ്ടെത്തിയത്. റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സഫീറിന്റെ ഫോണില്‍ വിളിച്ചറിയിച്ചാണ് ഇന്നു രാവിലെ സമീഹ് എത്തിയത്. സഹോദരന്‍ സഫീറിനൊപ്പം മുറിയില്‍ കഴിയുകയാണ്. ഇതോടെ മൂന്നുവര്‍ഷവും നാലു മാസവും നീണ്ട തിരിച്ചിലിനാണു വിരാമമായത്.

2016 ഡിസംബര്‍ 13നാണ് റിയാദ് ബത്ഹയിലെ ജോലി ചെയ്യുന്ന സ്വകാര്യ ട്രാവല്‍സിലേക്ക് സുഹൃത്തിന്റെ കാറില്‍ സമീപ് മലസില്‍ പുറപ്പെട്ടത്. സന്ദര്‍ശന വിസയിലെത്തിയ മാതാപിതാക്കള്‍ക്കും റിയാദിലുള്ള സഹോദരന്‍ സഫീറിനുമൊപ്പം ഉച്ച ഭക്ഷണമെല്ലാം കഴിച്ച് വൈകീട്ട് അഞ്ചോടെയാണ് പോയത്. എന്നാല്‍, രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്നറിഞ്ഞത്. ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചയ്ക്കു ശേഷം അവിടെ വന്നില്ലെന്നും മറുപടി ലഭിച്ചു. ഇതോടെ ആശങ്കയിലായ കുടുംബം പലരെയും ബന്ധപ്പെട്ടു. ഇതിനിടെ, തനിക്ക് വഴി തെറ്റിപ്പോയെന്നും ഗൂഗ്ള്‍ മാപ്പ് പ്രകാരം വന്നുകൊണ്ടിരിക്കുകയാണെന്നു കൂടെ ജോലി ചെയ്യുന്നയാളോട് മൊബൈലില്‍ വിളിച്ച് പറഞ്ഞതായും വിവരം ലഭഇച്ചു. എന്നാല്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫായിരുന്നു.

ഇതേത്തുടര്‍ന്ന് കുടുംബം ഉടന്‍ പോലിസില്‍ പരാതി നല്‍കി. റിയാദ്-ദമ്മാം റൂട്ടില്‍ 25 കിലോമീറ്റര്‍ അകലെ വരെ സമീഹ് യാത്ര ചെയ്തതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രവാസിക സംഘടനകള്‍ വഴിയും സുഹൃത്തുക്കള്‍ മുഖേനയും സാമൂഹിക മാധ്യമങ്ങളിലൂടെയും പലവിധ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മൂന്നു മാസത്തെ സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞതോടെ മാതാപിതാക്കള്‍ നിരാശരായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

പോലിസ് രഹസ്യാന്വേഷണ വിഭാഗം, ഗവര്‍ണര്‍ ഓഫിസ്, ആശുപത്രികള്‍, ജയിലുകള്‍, പോലിസ് സ്‌റ്റേഷനുകള്‍, ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ എംബസി, റിയാദ് ഗവര്‍ണറേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഹോദരനെ തേടി സഫീര്‍ പരാതിയുമായെത്തി. സഹോദരന്റെയും മറ്റുള്ളവരുടെയും പ്രാര്‍ഥനകള്‍ സഫലമാക്കിക്കൊണ്ട് ഇന്നു രാവിലെയാണ് സന്തോഷത്തിന്റെ വിളിയെത്തിയത്. ബത്ഹയിലേക്ക് വരികയായിരുന്ന സമീഹ് വഴിതെറ്റി ദമ്മാം റോഡിലെത്തിയതായിരുന്നു. അവിടെ നിന്ന് കവര്‍ച്ചക്കാരുടെ പിടിയിലായതായാണു വിവരം. അവര്‍ മരുഭൂമിയിലെത്തിക്കുകയും പണവും കാറും മൊബൈലും മോഷ്ടിക്കുകയും ടെന്റില്‍ താമസിപ്പിക്കുകയും ചെയ്തു. പിന്നീട് ഒരു മസറയില്‍ എത്തിപ്പെട്ടപ്പോള്‍ അവിടേക്ക് വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ മുഖേന സഹോദരനെ ബന്ധപ്പെടുകയായിരുന്നു. കെഎംസിസി പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ മുനീബ് പാഴൂര്‍ തുടങ്ങിയവരെല്ലാം സമീഹിനെ കണ്ടെത്തിയ ആശ്വാസത്തിലാണ്.


Next Story

RELATED STORIES

Share it