Gulf

സൗഹൃദസന്ദേശവുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ദമ്മാമിലെത്തി മടങ്ങി

ഖത്തര്‍, ഒമാന്‍ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ദമ്മാമിലെത്തിയ കപ്പല്‍ ദുബായി സന്ദര്‍ശനവും നടത്തിയാണ് ഗുജറാത്തിലേക്ക് മടങ്ങുക.

സൗഹൃദസന്ദേശവുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ദമ്മാമിലെത്തി മടങ്ങി
X

ദമ്മാം: ഇന്ത്യയുടെ 71ാം റിപബ്ലിക് ദിനത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ സമുദ്ര പഹരേദാര്‍ ദമ്മാം തുറമുഖത്തെത്തി മടങ്ങി. ഖത്തര്‍, ഒമാന്‍ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ദമ്മാമിലെത്തിയ കപ്പല്‍ ദുബായി സന്ദര്‍ശനവും നടത്തിയാണ് ഗുജറാത്തിലേക്ക് മടങ്ങുക. മൂന്ന് ദിവസത്തെ ദമ്മാം സന്ദര്‍ശനത്തിനിടയില്‍ കപ്പലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ: ഔസാഫ് സഈദ് പങ്കെടുത്തു.

വ്യാപാര, വ്യവസായ, പ്രതിരോധ, സൈനികരംഗങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുക, മലിനീകരണനിയന്ത്രണം, തീരദേശസുരക്ഷ, കടലുകളുടെ സംരക്ഷണം എന്നിവ സമുദ്രപഹരേദാറിന്റെ സൗഹൃദസന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കമാന്‍ഡിങ് ഓഫിസര്‍ അന്‍വര്‍ഖാന്‍ അഭിപ്രായപ്പെട്ടു. 96 മീറ്റര്‍ നീളവും 26 നോട്ടിക്കല്‍ മൈല്‍ വേഗതയുമുള്ള ഈ കപ്പലിന് 4,000 ടണ്‍ ഭാരമാണുള്ളത്. നിരവധി അപകടാവസ്ഥകളില്‍ സഹായിയാകാന്‍ കഴിഞ്ഞ ഈ കപ്പലിന് നൂറുകണക്കിന് ആളുകളെ രക്ഷിച്ച ചരിത്രവുമുണ്ട്.

പുതിയ കണക്ക് പ്രകാരം 26 ലക്ഷം ഇന്ത്യാക്കര്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന സൗദിയുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാലമായി വളരെ നല്ല ബന്ധമാണുള്ളതെന്നും പുതിയ ഉടമ്പടികളിലൂടെ ആ ബന്ധം കൂടുതല്‍ സുധ്രുഠമാകുമെന്നും അംബാസഡര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒന്നേ മുക്കാല്‍ ലക്ഷം ഹാജിമാര്‍ക്കായിരുന്നു ഇന്ത്യയില്‍നിന്നും ഹജ്ജിന് അനുമതി ലഭിച്ചിരുന്നതെങ്കില്‍ നമ്മുടെ താല്‍പര്യം അംഗീകരിച്ച കിരീടാവകാശി ഈ വര്‍ഷം അത് രണ്ടുലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അംബാസഡര്‍ അറിയിച്ചു.

ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യവസായ, വാണിജ്യരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംയുക്തസമിതി രൂപീകരിക്കുമെന്നും അംബാസഡര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ക്ക് പുറമെ കമാന്‍ഡിങ് ഓഫിസര്‍ അന്‍വര്‍ഖാന്‍, എംബസി ഡിഫന്‍സ് അറ്റാഷെ മനീഷ് നാഗ്പാല്‍ എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it