Gulf

മക്കയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനു സൗദി രാജാവിന്റെ ക്ഷണം

മക്കയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനു സൗദി രാജാവിന്റെ ക്ഷണം
X

റിയാദ്: മക്കയില്‍ ഈമാസം 30നു നടക്കുന്ന അടിയന്തര ജിസിസി(ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി രാജാവ് സല്‍മാന്റെ ക്ഷണം ലഭിച്ചതായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍റഹ്മാനിക്കാണ് ഞായറാഴ്ച ദോഹയില്‍ വച്ച് ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ സന്ദേശം ലഭിച്ചത്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുമ്പോഴാണ് സൗദിയുടെ ഇടപെടല്‍. തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും മുസ്‌ലിം ബ്രദര്‍ഹുഡ് പോലെയുള്ള പ്രക്ഷോഭകരെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് 2017 ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റയ്ന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി കരവ്യോമനാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആരോപണം ഖത്തര്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും ഉപരോധം നീക്കിയിരുന്നില്ല. ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈ മാസം മക്കയില്‍ രണ്ട് ഉച്ചകോടി നടത്താന്‍ സല്‍മാന്‍ രാജാവ് തീരുമാനിച്ചതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു. യുഎഇ തീരത്ത് സൗദിയുടെ രണ്ട് ഇന്ധന ടാങ്കറുകളും എണ്ണ ശാലയ്ക്കും നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണു ഉച്ചകോടി ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നത്. യമനി ഹൂഥി ഗ്രൂപ്പുകളുടെ പിന്തുണയോടെ ഇറാനാണ് ഇന്ധന ശാലയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതെന്നാണ് സൗദിയുടെ ആരോപണം. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന ഇറാന്‍ സൈനിക കമ്മാന്‍ഡര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സൗദിയിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ഹൂഥികളുടെ ശ്രമം പരാജയപ്പെടുത്തിയതായി സൗദി വെളിപ്പെടുത്തിയിരുന്നു. യെമന്റെ അതിര്‍ത്തിക്കടുത്തുള്ള ജിസാന്‍ എയര്‍പോര്‍ട്ടിനു നേരെ ആക്രമണം നടത്താനുള്ള ശ്രമമാണ് സൗദി വ്യോമസേന തകര്‍ത്തത്. ഇത്തരത്തിലുള്ള ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മുതലെടുത്ത് പശ്ചിമേഷ്യയിലേക്ക് 1500 സൈനികരെ കൂടി അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമാണ് ട്രംപ് പറയുന്നതെങ്കിലും അമേരിക്കയുടെ നീക്കം സംശയത്തോടെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളടക്കം നോക്കിക്കാണുന്നത്.


ഛഗ അഘഘഋ




Next Story

RELATED STORIES

Share it