Gulf

'വിടിഎം പാക്കേജ്': സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് പ്രത്യേക ചികില്‍സാനുകൂല്യങ്ങളുമായി സലാമത്തക് മെഡിക്കല്‍ സെന്റര്‍

നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ചികില്‍സാരംഗത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ പൊതുവെ ലഭിക്കാറില്ല. അതിനാല്‍, വലിയ സാമ്പത്തികബാധ്യതയാണ് ചികില്‍സയുമായി ബന്ധപ്പെട്ട് സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്.

വിടിഎം പാക്കേജ്: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് പ്രത്യേക ചികില്‍സാനുകൂല്യങ്ങളുമായി സലാമത്തക് മെഡിക്കല്‍ സെന്റര്‍
X

ദമ്മാം: സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്ക് പ്രത്യേക ചികില്‍സാനുകൂല്യങ്ങളുമായി സഫ്‌വയിലെ സലാമത്തക് മെഡിക്കല്‍ സെന്റര്‍ ആതുര ശുശ്രൂഷാരംഗത്ത് പുതിയ കാല്‍വയ്പ്പുമായി രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ചികില്‍സാരംഗത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ പൊതുവെ ലഭിക്കാറില്ല. അതിനാല്‍, വലിയ സാമ്പത്തികബാധ്യതയാണ് ചികില്‍സയുമായി ബന്ധപ്പെട്ട് സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്.

പ്രവാസജീവിതത്തില്‍ കുറഞ്ഞ വരുമാനത്തിനിടയിലും കുടുംബത്തെയും കൂട്ടി ആശ്വാസം നുകരുന്ന പല പ്രവാസികള്‍ക്കും ആശ്രിതരുടെ ചികില്‍സയ്ക്ക് വേണ്ടിവരുന്ന വലിയ ബാധ്യത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംരംഭവുമായി മുന്നോട്ടുവരാന്‍ കാരണമായതെന്ന് സലാമത്തക് സിഎംഡി ആസഫ് നെച്ചിക്കാടന്‍ ദമ്മാമില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലളിതമായ നടപടികളിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ശകവിസക്കാര്‍ക്ക് വിസയുടെ കാലാവധി തീരുംവരെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാവും.

പാസ്‌പോര്‍ട്ട് പകര്‍പ്പ് (വിസ സ്റ്റാമ്പ് ചെയ്ത പേജുള്‍പ്പടെ), ഫോട്ടോ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ വിസാ കാലയളവുവരെ ഉപയോഗിക്കാന്‍ കഴിയുന്ന വിടിഎം (Visit Visa Medical Traetment Package) കാര്‍ഡ് ലഭിക്കും. പിന്നീടുള്ള ഓരോ സന്ദര്‍ശനത്തിനും ഈ കാര്‍ഡ് ഉപാഗിച്ച് സേവനങ്ങള്‍ ഉറപ്പുവരുത്താം. സ്‌പെഷ്യലിസ്റ്റുകളായ 22 ഡോക്ടര്‍മാരുടെയും സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. പ്രത്യേകമായ ടെസ്റ്റുകളും മറ്റും ആവശ്യം വന്നാല്‍ 50 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭ്യമാവും. സലാമത്തകിന്റെ തന്നെ ഫാര്‍മസിയില്‍നിന്നും മരുന്നുകള്‍ വാങ്ങിയാല്‍ അതില്‍ 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. വിസാ കാലാവധി തീരുംവരെ ഒരാള്‍ക്ക് എത്രതവണ വേണമെങ്കിലും ഡോക്ടര്‍മാരുടെ സൗജന്യസേവനം ഉറപ്പുവരുത്താം.

ഒരു കുടുംബത്തില്‍ ഒന്നിലധികം ആളുകളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം വിടിഎം കാര്‍ഡുകള്‍ വേണ്ടിവരും. വിസിറ്റ് വിസ പുതുക്കുന്നവര്‍ക്ക് തുടര്‍ന്നും സൗജന്യചികില്‍സ ആവശ്യമെങ്കില്‍ വിടിഎം കാര്‍ഡും പുതുക്കേണ്ടിവരും. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വലിയ ആശ്വാസമാവുന്ന പദ്ധതി സൗദിയില്‍ മറ്റുള്ള ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍ക്കും പ്രചോദനമാവട്ടെയെന്ന് ആസഫ് നെച്ചിക്കാടന്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹിഷാം, മാര്‍ക്കറ്റിങ് മാനേജര്‍ ഷാക്കിര്‍ ഹുസൈന്‍, ഓപറേഷന്‍ മാനേജര്‍ അബ്ദുറസ്സാഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it