Gulf

ഖുബ്ബ മലൈബാരി: മനുഷ്യപ്പറ്റിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ആള്‍രൂപം

ഖുബ്ബ മലൈബാരി: മനുഷ്യപ്പറ്റിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ആള്‍രൂപം
X

ജിദ്ദ: ഉദാത്തമായ മനുഷ്യപ്പറ്റിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ആള്‍രൂപമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ശെയ്ഖ് അബ്ദുല്ല മുഹ്യദ്ദീന്‍ മലൈബാരിയെന്ന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖര്‍ ചൂണ്ടിക്കാട്ടി. വേദഗ്രന്ഥത്തിന്റെ മഹിത സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിനും പാവങ്ങളുടെ കണ്ണീരൊപ്പാനും ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം അര നൂറ്റാണ്ടിലേറെക്കാലം നടത്തിയ നിസ്തുല സേവനങ്ങളെ അവര്‍ പ്രകീര്‍ത്തിച്ചു. ഖുബ്ബ മലൈബാരി എന്നറിയപ്പെട്ടിരുന്ന മക്കയിലെ മലൈബാരി സമൂഹത്തിലെ ഈ കാരണവരുടെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍'വിട പറഞ്ഞ വഴിവിളക്ക്'' എന്ന ശീര്‍ഷകത്തില്‍ ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ്(ജിജിഐ) ആണ് സൂം സെഷന്‍ സംഘടിപ്പിച്ചത്. നിരവധി മലൈബാരി,മലയാളി പ്രമുഖര്‍ പങ്കെടുത്തു.


13ാം വയസ്സില്‍ അനാഥനായതോടെ പ്രാരാബ്ധങ്ങള്‍ക്കിടയിലും വിദ്യാഭ്യാസം നേടുകയും ഹാജിമാരെ സേവിക്കുന്നതിലും കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനം പകരുന്നതിലും ആത്മസായൂജ്യം കണ്ടെത്തുകയും ചെയ്ത ഖുബ്ബ,എല്ലാവര്‍ക്കും മാതൃകാപുരുഷനായിരുന്നു. നൂറ്റാണ്ടോളമായി മക്കയിലെ മലൈബാരികളുടെ അഭിമാനവിജ്ഞാന ഗോപുരമായി തലയുയര്‍ത്തിനില്‍ക്കുന്ന മലൈബാരി മദ്‌റസയുടെ തലവനായിരുന്ന അദ്ദേഹം,മദ്‌റസ കേന്ദ്രീകരിച്ച് നടന്ന എല്ലാ വിദ്യാഭ്യാസ,ജീവകാരുണ്യ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ചാലകശക്തിയായിരുന്നുവെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.

മലബാരികള്‍ക്കിടയിലെ മധ്യസ്ഥനായിരുന്ന ഖുബ്ബയുടെ പ്രവര്‍ത്തനങ്ങളെല്ലാം ദൈവപ്രീതി മാത്രം കാംക്ഷിച്ചായിരുന്നു. വിനയവും നിഷ്‌കളങ്കതയും നിസ്വാര്‍ഥ പ്രവര്‍ത്തനവും അദ്ദേഹത്തിന് ആദരണീയസ്ഥാനം നേടിക്കൊടുത്തു. ചെറുപ്പത്തിലേ കഷ്ടപ്പാടിലൂടെ വളര്‍ന്ന്,കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിക്കുകയും പാവങ്ങളുടെ അത്താണിയായി നിലകൊള്ളുകയും ചെയ്തുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. നുസ്രത്തുല്‍ മസാകീന്‍ ട്രസ്റ്റ് സാരഥി ശൈഖ് തലാല്‍ ബകുര്‍ മലൈബാരി, ഓള്‍ ഇന്ത്യാ ഇസ് ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിഡോ. ഹുസയ്ന്‍ മടവൂര്‍, ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി പി മുഹമ്മദലി, മക്ക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഉപദേഷ്ടാവ് ശെയ്ഖ് ആദില്‍ ബിന്‍ ഹംസ മലൈബാരി,മലൈബാരി മദ്‌റസ സൂപര്‍വൈസര്‍ ജഅ്ഫര്‍ മലൈബാരി,ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുര്‍റഹ്‌മാന്‍ അബ്ദുല്ല യൂസുഫ് മലൈബാരി,മൊസാകോ കമ്പനി മാനേജിങ് ഡയറക്ടര്‍ ശെയ്ഖ് മുഹമ്മദ് സഈദ് മലൈബാരി,ഫൈസല്‍ മലൈബാരി,സുഫ് യാന്‍ ഉമര്‍ മലൈബാരി, സല്‍മാന്‍ മലൈബാരി,കരീം മലൈബാരി, ശെയ്ഖ് ഖുബ്ബയുടെ മക്കളായ തുര്‍ക്കി അബ്ദുല്ല,ഫഹദ് അബ്ദുല്ല സംസാരിച്ചു.അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആലുങ്ങല്‍ അഹമദ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍,വ്യവസായ പ്രമുഖന്‍ മുല്ലവീട്ടില്‍ സലീം,ജിജിഐ ഖജാഞ്ചി പി വി ഹസന്‍ സിദ്ദീഖ് ബാബു,വൈസ് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം,സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, സെക്രട്ടറി സാദിഖലി തുവ്വൂര്‍ സംസാരിച്ചു. ഖുബ്ബ മലൈബാരിയുടെ ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്ററി അവതരിപ്പിച്ചു. സഹല്‍ കാളമ്പ്രാട്ടിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച സൂം സെഷന്‍ നൗഫല്‍ പാലക്കോത്തും ഗഫൂര്‍ കൊണ്ടോട്ടിയും നിയന്ത്രിച്ചു.




Next Story

RELATED STORIES

Share it