Gulf

പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍; സൗദിയിലെ കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

ജൂലൈ 25 മുതല്‍ ആഗസ്ത് 25 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ കാമ്പയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കി പൊതുജനപിന്തുണയോടെയാണ് കാമ്പയിന് തുടക്കംകുറിക്കുന്നത്.

പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍; സൗദിയിലെ കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം
X

റിയാദ്: കൊവിഡ്-19 രോഗബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 25ന് ആരംഭിക്കുന്ന കാമ്പയിന്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യതകുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികള്‍ക്കും ആരോഗ്യവകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സൗദിയില്‍ ബ്ലഡ് പ്ലാസ്മ ചികില്‍സയിലൂടെ നൂറിലധികം കൊവിഡ്-19 രോഗികള്‍ക്ക് പ്രയോജനം ലഭിച്ചുവെന്ന് ഈ മാസാരംഭത്തില്‍ സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധ കണ്ടതുമുതല്‍ തികഞ്ഞ ജാഗ്രതയോടെയാണ് സൗദി ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ മികച്ച നിലവാരത്തിലുള്ള ചികില്‍സയാണ് രോഗികള്‍ക്ക് എല്ലാ ആശുപത്രികളിലും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്.

സൗദി അറേബ്യയിലെ കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നതെന്നു ഫോറം സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കൊണ്ടോട്ടി അറിയിച്ചു. മനുഷ്യശരീരത്തിന് അണുബാധയില്‍നിന്ന് കരകയറാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളില്‍ ആന്റി ബാക്ടീരിയല്‍ ആന്റിബോഡികളും ഉള്‍പ്പെടുന്നുണ്ട്. കൊവിഡ് രോഗം ബാധിച്ച് ചികില്‍സയിലൂടെ രോഗമുക്തനായ ഒരാളുടെ പ്ലാസ്മയില്‍ അതിനെതിരായ ആന്റിബോഡികള്‍ അടങ്ങിയിരിക്കുമെന്നാണ് ഇതിനര്‍ഥം. ഫലപ്രദമായ ചികില്‍സകളുടെയും വാക്‌സിനുകളുടെയും അഭാവത്തില്‍ അണുബാധയെ അഭിമുഖീകരിക്കുമ്പോള്‍ പ്രതിരോധത്തിന്റെ ആദ്യനിരയായി ഈ ആന്റിബോഡികള്‍ പ്രവര്‍ത്തിക്കും.

പ്ലാസ്മ ചികില്‍സാരീതിയെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും മറ്റു രാജ്യങ്ങളിലെന്ന പോലെ സൗദി ആരോഗ്യമന്ത്രാലയവും പരീക്ഷിച്ചുവരികയാണ്. ജൂലൈ 25 മുതല്‍ ആഗസ്ത് 25 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ കാമ്പയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കി പൊതുജനപിന്തുണയോടെയാണ് കാമ്പയിന് തുടക്കംകുറിക്കുന്നത്. കാമ്പയിന്റെ ദേശീയതല ഉദ്ഘാടനം ജൂലൈ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് റിയാദിലെ 'പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍' നടക്കുമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്കിടയില്‍ ദേശ-ഭാഷാ-വര്‍ഗ വ്യത്യാസമില്ലാതെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് സജീവമായി ഇടപെടുകയും നിയമപരമായി സഹായിക്കുകയും ചെയ്യുന്നതിലും ഫ്രറ്റേണിറ്റി ഫോറം പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഇടപെടലുകളിലൂടെ ദേശീയ സമഗ്രതയും സാമുദായിക ഐക്യവും പ്രോല്‍സാഹിപ്പിക്കാനും അതിലൂടെ പ്രവാസി സമൂഹത്തെ രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ പങ്കാളികളാക്കാനും ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.

കൊവിഡ്-19 പശ്ചാത്തലത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയില്‍ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറക്കിയ 'കൊവിഡ്-19 ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍' എന്ന കൈപ്പുസ്തകം ഇതിനോടകംതന്നെ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. കൊവിഡ് രോഗത്തിനെതിരേ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കൊവിഡ് കാലത്തെ ജീവിത രീതികള്‍, അസുഖബാധിതനായാല്‍ സ്വീകരിക്കേണ്ട മാനസികതയ്യാറെടുപ്പുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. എല്ലാ വര്‍ഷവും ഹജ്ജ് വേളയില്‍ തുടക്കം മുതല്‍ ഹാജിമാരുടെ മടക്കം വരെയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരുടെ സേവനവും ഇടപെടലും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെയും പ്രശംസയേറ്റുവാങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it