Gulf

കുവൈത്തില്‍ വിസ നടപടിയില്‍ പുതിയ നിയമം നിലവില്‍ വന്നു

കുവൈത്തില്‍ വിസ നടപടിയില്‍ പുതിയ നിയമം നിലവില്‍ വന്നു
X

കുവൈത്ത് സിറ്റി: സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് മറ്റു മേഖലകളിലേക്ക് നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച് കൊണ്ടുള്ള പുതിയ നിയമം കുവൈത്തില്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് സന്ദര്‍ശ്ശകരെ ആകര്‍ഷിക്കുന്നതിനായി വിസ ചട്ടങ്ങളില്‍ കാതലായ പല മാറ്റങ്ങളും വരുത്തികൊണ്ടാണു ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിയമ പ്രകാരം സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഗാര്‍ഹിക മേഖലയിലേക്ക് വിസ മാറ്റത്തിനു അനുമതി നല്‍കുന്നു എന്നതാണു ഇതില്‍ ഏറ്റവും ശ്രദ്ധേയം.

സന്ദര്‍ശക വിസയിലോ വിനോദ സഞ്ചാര വിസയിലോ എത്തുന്നവര്‍ക്ക് മന്ത്രാലയം നേരത്തെ ഏര്‍പ്പെടുത്തിയ മാനദണ്ഠങ്ങള്‍ക്ക് വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കുന്നതാണ്. അതുപോലെ തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുകയും, വിസ സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാന്‍ നിര്‍ബന്ധിതരായവര്‍ക്കു ഒരു മാസത്തിനകം സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയാല്‍ തൊഴില്‍ വിസയിലേക്ക് മാറ്റം അനുവദിക്കും. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലോ, സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ചികില്‍സ തേടി എത്തുന്നവര്‍ക്കും കൂടെയുള്ളവര്‍ക്കും പ്രവേശന വിസ അനുവദിക്കുന്നതാണു പുതിയ നിയമത്തിലെ മറ്റൊരു പ്രധാന തീരുമാനം .ഇതിനായി അപേക്ഷകന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നോ സര്‍ക്കാര്‍ അംഗീകരിച്ച ആശുപത്രികളില്‍ നിന്നോ ഉള്ള സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണു.

വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളില്‍ പഠന വിസ അനുവദിക്കുക എന്നതും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിനായി സര്‍ക്കാര്‍ സര്‍വ്വകലാശാലയില്‍ നിന്നോ അല്ലെങ്കില്‍ സ്വകാര്യ സര്‍വ്വകലാശാലയില്‍ നിന്നോ നല്‍കുന്ന പഠന യോഗ്യത സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. ഒരു മാസത്തേക്കുള്ള മള്‍ടി എൻ്ട്രി വിസ ഒരു വര്‍ഷം വരെ നീട്ടി നല്‍കും. വിസാ കാലാവധി കഴിഞ്ഞവര്‍ക്കുള്ള താല്‍ക്കാലിക വിസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ പരമാവധി 3 മാസമായി പരിമിതപ്പെടുത്തി. പ്രത്യേക കേസുകളില്‍ പരമാവധി ഒരു വര്‍ഷം വരെ താല്‍ക്കാലിക വിസ ( എക്‌സിറ്റ്) അനുവദിക്കും.

ഈ കാലയളവില്‍ താമസരേഖ പുതുക്കുവാനോ മറ്റൊരു സ്‌പോണ്‍സര്‍ ഷിപ്പിലേക്ക് മാറ്റുവാനോ സാധിക്കാതെ വന്നാല്‍ രാജ്യം വിടേണ്ടി വരും.ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന വിദേശികളുടെ വിശദാംശങ്ങള്‍ 48 മണിക്കൂറിനകം താമസകാര്യ സമിതി കേന്ദ്രത്തില്‍ ജീവനക്കാര്‍ അറിയിക്കേണ്ടതാണെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. വിസ ഫീസ് നിരക്കില്‍ വര്‍ധനവ് വരുത്താതെയാണു പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it