Gulf

കിംഗ് ഫൈസല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, അറബി ഭാഷ-സാഹിത്യം, സയന്‍സ്, മെഡിസിന്‍ എന്നീ അഞ്ചു മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച ആറു പേരെയാണ് 41 ാമത് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

കിംഗ് ഫൈസല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
X
റിയാദ്: വൈജ്ഞാനിക മേഖലക്ക് അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് നല്‍കുന്ന ലോകോത്തര ബഹുമതികളിലൊന്നായ കിംഗ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌കാരത്തിന് അര്‍ഹരായവരെ പ്രഖ്യാപിച്ചു.

ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, അറബി ഭാഷ-സാഹിത്യം, സയന്‍സ്, മെഡിസിന്‍ എന്നീ അഞ്ചു മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച ആറു പേരെയാണ് 41 ാമത് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൊറോക്കോ തലസ്ഥാനമായ റബാത്തിലെ മുഹമ്മദ് അഞ്ചാമന്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്‍ ആലി മുഹമ്മദ് വദ്ഗീരി, ഈജിപ്തിലെ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി (അറബി ഭാഷ സാഹിത്യം), അമേരിക്കയിലെ പ്രഫസര്‍ ബിയോറന്‍ റീനോ ഓള്‍സന്‍, സ്റ്റീവന്‍ ടീറ്റെല്‍ബൗണ്‍ (മെഡിസിന്‍ അസ്ഥി ശാസ്ത്രം), അമേരിക്കയിലെ പ്രഫ. അലന്‍ ജോസഫ് ബാര്‍ഡ്, പ്രഫ. ജോണ്‍ എം.ജെ ഫ്രേഷറ്റ് (രസതന്ത്രം) എന്നിവരാണ് ജേതാക്കള്‍. ഇസ്‌ലാമിക സേവനത്തിന് സുഡാനിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയും പുരസ്‌കാരം നേടി.

റിയാദിലെ ഫൈസലിയ ഹോട്ടലിലെ അമീര്‍ സുല്‍ത്താന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് അല്‍സബൈല്‍ ആണ് ജാതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ സി.ഇ.ഒയുമായ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സംബന്ധിച്ചു.

1979 ല്‍ അവാര്‍ഡ് പ്രഖ്യാപനം മുതല്‍ ഇതുവരെ 43 രാജ്യങ്ങളില്‍നിന്നായി 253 പേര്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. 1979 ല്‍ അബുല്‍ അഅ്‌ല മൗദൂദി, 1981 ല്‍ ഖാലിദ് രാജാവ്, 1984ല്‍ ഫഹദ് രാജാവ്, 1986ല്‍ അഹമ്മദ് ദീദാത്ത്, 2002 ല്‍ ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ അല്‍ഖാസിമി, 2010ല്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍, 2015 ല്‍ സാക്കിര്‍ നായിക്ക്, 2017 ല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് എന്നിവരാണ് അവാര്‍ഡ് നേടിയ പ്രമുഖര്‍.

Next Story

RELATED STORIES

Share it